ഇടുക്കി : മാങ്കുളം ആനക്കുളം റോഡിലെ പേമരം വളവ് നിവര്‍ത്തുന്ന ജോലികള്‍ തുടങ്ങി. കല്ലാര്‍ മുതല്‍ ആനക്കുളം വരെയുള്ള റോഡില്‍ ഏറ്റവും അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് പേമരം വളവ്. ഈ വളവിലെ അപകട സാധ്യത കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് മണ്ണ് നീക്കി വീതി വര്‍ധിപ്പിച്ച് വളവ് നിവര്‍ത്തുന്ന ജോലികള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.
ഇതിനോടകം നിരവധി വാഹനാപകടങ്ങള്‍ സംഭവിച്ചിട്ടുള്ള പ്രദേശമാണ് മാങ്കുളം ആനക്കുളം റോഡിലെ പേമരം വളവ്. വളവിലെ അപകട സാധ്യത കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് വളവ് നിവര്‍ത്തുന്ന ജോലികള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ പാതയോരത്തെ കൊക്കയില്‍ പതിക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടതായിരുന്നു ഈ വളവിലുണ്ടായ ഒടുവിലത്തെ അപകടം.
പേമരം വളവില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിനോദ സഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ട്രാവലര്‍ നിയന്ത്രണം നഷ്‌ടപ്പെട്ട് കൊക്കയിലേക്ക് പതിക്കുകയും കൈക്കുഞ്ഞടക്കം നാല് പേര്‍ മരിക്കുകയും ചെയ്‌തത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. ഇതോടെയായിരുന്നു സുരക്ഷക്കായി പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ക്രാഷ് ബാരിയറുകളും അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷ ഉറപ്പാക്കാന്‍ മതിയാകില്ലെന്നും വളവ് നിവര്‍ത്തണമെന്നുമുള്ള ആവശ്യം ശക്തമായത്.
ഇറക്കവും കൊടും വളവും നിറഞ്ഞ ഭാഗമാണ് പേമരം വളവ്. ആദ്യമായി എത്തുന്നവര്‍ക്ക് റോഡിന്‍റെ ദിശ പെട്ടന്ന് മനസിലാകില്ല. ഈ സാഹചര്യത്തിലാണ് വാഹനമോടിക്കുന്നവര്‍ക്ക് റോഡിന്‍റെ ദിശ മനസിലാകും വിധം വളവ് അവസാനിക്കുന്ന ഭാഗത്ത് പാതയോരത്തുണ്ടായിരുന്ന മണ്‍തിട്ട നീക്കിയുള്ള നിര്‍മാണ ജോലികള്‍ നടത്തുന്നത്. മണ്ണ് നീക്കി വളവ് നിവരുകയും വീതി വര്‍ധിക്കുകയും ചെയ്യുന്നതോടെ റോഡിന്‍റെ ദിശ പെട്ടന്ന് മനസിലാകുകയും അപകടം കുറക്കാന്‍ ഇത് സഹായകരമാകുമെന്നുമാണ് പ്രതീക്ഷ.