ഇടുക്കി: കേരള സ്റ്റോറി പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഇടുക്കി രൂപത ആസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നു എന്ന വ്യാജ വാർത്തയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിലും പൊലീസിലും പരാതി നൽകുമെന്ന് എഐസിസി അംഗം ജയ്‌സൺ ജോസഫ്. കേരളത്തിൻ്റെ മതസൗഹാർദത്തെ തകർക്കാൻ വേണ്ടിയുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ ഉയരും. കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് യാതൊരു പ്രതികരണവും സമരവും നടത്തിയിട്ടില്ലെന്നും അദ്ദേഹം കട്ടപ്പനയിൽ പറഞ്ഞു.
കേരള സ്‌റ്റോറിയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് എംഎം ഹസന്‍റെ നേതൃത്വത്തിൽ ഇടുക്കി രൂപത ആസ്ഥാനത്തേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുന്നുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് പാർട്ടി ഗൗരവമായി കാണുന്നതായി ജയ്‌സൺ ജോസഫ് പറഞ്ഞു. കേരളത്തിന്‍റെ മതേതരത്വത്തിനും മതസൗഹാർദത്തിനും ഭീഷണി ഉയർത്തുന്ന വാർത്തകളാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ള നീക്കമാണിതെന്നും ജയ്‌സൺ ജോസഫ് വ്യക്തമാക്കി.