കാസര്‍കോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് (Lok Sabha Election) പടിവാതിൽക്കൽ എത്തി നിൽക്കെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രക്ഷോഭവുമായി കോൺഗ്രസ്. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി. ഡി സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭത്തിന് കാസര്‍കോട് ഉജ്ജ്വല തുടക്കമായി (Congress protest Samragni started today at Kasargod). വൈകിട്ട് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സമരാഗ്നി പ്രക്ഷോഭ യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു.
പ്രക്ഷോഭത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കാളികളായി. 'മോദിയുടെ തട്ടിപ്പ് ഗ്യാരണ്ടിയിൽ ഇന്ത്യ രാജ്യം വീഴില്ല എന്ന് മോദി ഓർക്കണമെന്ന് കെ. സി വേണുഗോപാല്‍ (K C Venugopal) ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എത്ര തവണ കേരളത്തിൽ വന്നാലും തൃശൂർ എടുക്കാമെന്ന മോഹം നടക്കില്ല. ജനങ്ങളെ വിഭജിക്കാനുള്ള ഗ്യാരണ്ടി മാത്രമാണ് മോദിയുടെ ഗ്യാരണ്ടി'.
സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയിൽ ന്യായമായ എല്ലാ വിഷയങ്ങളിലും സംസ്ഥാന സർക്കാരുമായി സഹകരിച്ചിട്ടുണ്ട്. എന്നാല്‍, ധൂർത്ത് നടത്താൻ വേണ്ടി ഇറങ്ങിയാൽ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിക്ക് മുന്നിൽ കവാത്ത് മറക്കുന്ന പിണറായി, ഗവർണറോട് ഏറ്റുമുട്ടി ശ്രദ്ധ തിരിക്കുകയാണ്. ബംഗാൾ മോഡലിലേക്ക് സി പി എമ്മിനെ കൊണ്ടെത്തിക്കാൻ ക്വട്ടേഷൻ എടുത്ത നേതാവാണ് പിണറായി വിജയനെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.
സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഏത് കാര്യത്തോടും സഹകരിക്കുന്നതാണ് അദ്ദേഹത്തിന്‍റെ രീതി. കേരള സർക്കാർ ഡൽഹിയിൽ നടത്തുന്നത് നാടക സമരമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മോദി–പിണറായി പായ്‌ക്കെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ (V D Satheesan) കുറ്റപ്പെടുത്തി. ഫാസിസവും കമ്മ്യൂണിസവും സന്ധി ചെയ്‌തത് രണ്ടാം ലോക മഹായുദ്ധത്തിലെ കറുത്ത ഏടാണ്.
ഇവിടെ മോദിയും പിണറായിയും സന്ധി ചെയ്യുന്നു. കള്ളപ്പണ കേസിലും സ്വര്‍ണക്കടത്തിലും ലൈഫ് കേസിലും പിണറായിയെ മോദി സഹായിച്ചപ്പോൾ കുഴൽപ്പണ കേസിൽ തിരിച്ച് സഹായിച്ചെന്നും വിഡി സതീശൻ പറഞ്ഞു. പിണറായിയുടെ (Pinarayi Vijayan) ഏകാധിപത്യത്തിനും നരേന്ദ്ര മോദിയുടെ (Narendra Modi) ഫാസിസ്റ്റ് ഭരണത്തിനും എതിരെയാണ് ഈ യാത്രയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.
'പിണറായിയുടെ ഭരണം കുടുംബത്തിന് വേണ്ടി മാത്രമാണ്. ഇവിടെ ഭരണ സംവിധാനം ഇല്ലാത്ത അവസ്ഥയാണ്. പിണറായിക്ക് എതിരെ എത്ര കേസുകൾ ഉയർന്നു വന്നുവെന്നും ഇതിലൊന്നും പ്രതിയാകാത്തത് ബിജെപിയുമായുള്ള അന്തർധാര കാരണമാണെന്നും' കെ സുധാകരൻ (K Sudhakaran) പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ 20ഉം നേടിയെടുക്കാനാണ് യുഡിഎഫ് (UDF) ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെ രാവിലെ 10ന് നഗരസഭ മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന ജനകീയ ചർച്ചാ സദസിൽ ദുരിതമനുഭവിക്കുന്നവരുമായി നേതാക്കൾ സംവദിക്കും. ഉച്ചയ്ക്ക് 12ന് കെപിസിസി പ്രസിഡന്‍റിന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും വാർത്താസമ്മേളനവും ഉണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുളള സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും.
കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, എം.എം ഹസന്‍, തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. എല്ലാ ജില്ലകളിലും പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. 29ന് തിരുവനന്തപുരത്താണ് സമരാഗ്നിയുടെ സമാപനം.