കാസര്‍കോട്: പൈവളിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കോണ്‍ഗ്രസ് അംഗത്തെ സസ്പെന്‍ഡ് ചെയ്‌തു . കോണ്‍ഗ്രസിന്‍റെ ഏക അംഗമായ അവിനാശ് മച്ചാദോയെയാണ് കെപിസിസിയുടെ നിര്‍ദേശപ്രകാരം പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തത്.
ബിജെപിയുടെ അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നീക്കുപോക്കിന്‍റെ ഭാഗമാണെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു. പിന്നാലെയാണ് സസ്പെന്‍ഷന്‍. അവിനാശിനോട് ഡിസിസി പ്രസിഡന്‍റ് വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യണമെന്ന് തനിക്ക് നിര്‍ദേശമൊന്നും ലഭിച്ചില്ലെന്നും സ്‌റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍സ്ഥാനം തനിക്ക് നല്‍കാമെന്ന ഉറപ്പ് പാലിക്കാത്തതുകൊണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്‌തതെന്നുമാണ് അവിനാശിന്‍റെ മറുപടി.
ബിജെപിയില്‍ ചേരില്ലെന്നും കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആകെ 19 അംഗങ്ങളുള്ള ഭരണസമിതിയില്‍ എല്‍ഡിഎഫിനും ബിജെപിക്കും എട്ടംഗങ്ങള്‍ വീതമാണുള്ളത്. മുസ്‍ലിം ലീഗിന് രണ്ടും കോണ്‍ഗ്രസിന് ഒന്നും.
ഇന്നലെയാണ് പൈവളിഗെ പഞ്ചായത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. മുസ്‌ലിം ലീഗ് അംഗങ്ങളുടെ പിന്തുണയോടെ എൽഡിഎഫ് ഭരണം നിലനിർത്തി. രണ്ട് മുസ്‌ലിം ലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരണം നിലനിർത്തിയത്.
പഞ്ചായത്തിൽ ആറ് സീറ്റാണ് സിപിഎമ്മിനുള്ളത്. ഒരു സ്വതന്ത്ര അംഗവും സിപിഐ അംഗവും ചേര്‍ന്നാണ് എൽഡിഎഫിന് എട്ട് സീറ്റുള്ളത്. എട്ട് സീറ്റുള്ള ബിജെപിയാണ് പഞ്ചായത്തിലെ വലിയ ഒറ്റ കക്ഷി. യുഡിഎഫിന് ആകെയുള്ള മൂന്ന് സീറ്റിൽ ഒന്ന് കോൺഗ്രസിനും രണ്ടെണ്ണം മുസ്‌ലിം ലീഗിനുമാണ്.
മുസ്‌ലിം ലീഗ് അംഗങ്ങളായ സിയ സുനീസയും സുൽഫിക്കര്‍ അലിയുമാണ് അവിശ്വാസ പ്രമേയത്തിൽ ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ടത്. എന്നാൽ ഏക കോൺഗ്രസ് അംഗം ബിജെപിക്ക് വോട്ട് ചെയ്‌ത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.കഴിഞ്ഞ ദിവസം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാസര്‍കോട് മണ്ഡലം കോൺഗ്രസ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താന് വേണ്ടി പ്രചാരണത്തിന് എത്തിയ ശേഷമാണ് ഇദ്ദേഹം ബിജെപിക്ക് വോട്ട് ചെയ്‌തതെന്ന് സിപിഎം വിമർശിച്ചിരുന്നു.