കണ്ണൂര്‍ : മയ്യഴിയേയും മയ്യഴി ജനതയേയും അപമാനിച്ച ബിജെപി. നേതാവ് പിസി ജോര്‍ജ്ജിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി മാഹിയിലെ കോണ്‍ഗ്രസ് നേതൃത്വം. മഹത്തായ സാംസ്‌ക്കാരിക പൈതൃകമുള്ള മാഹിയെ വികലമായി ചിത്രീകരിച്ച് മാഹി ജനതയെ മ്ലേച്ഛമായ ഭാഷയില്‍ അപമാനിച്ച് പി സി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രസംഗം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മാഹി എംഎല്‍എ രമേഷ് പറമ്പത്ത് പത്ര സമ്മേളനത്തില്‍ പറഞ്ഞു.
നാവില്‍ വരുന്നത് എന്തും പുലമ്പുന്ന പി സി ജോര്‍ജ്ജ് മാഹിയിലെ സ്ത്രീ സമൂഹത്തെയടക്കം ജനങ്ങളെ ഒട്ടാകെ അപമാനിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ അടിയന്തിരമായി ഇടപെടണമെന്ന് എംഎല്‍എ രമേഷ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്ന പി സി ജോര്‍ജ്ജിനെപ്പോലെയുളളവരെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്നും മാറ്റി നിര്‍ത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ നടപടി സ്വീകരിക്കണം.
മയ്യഴി വേശ്യകളുടെ കേന്ദ്രമാണെന്നും രാത്രി കാലങ്ങളില്‍ ഇതുവഴി യാത്ര ചെയ്യാനാകില്ലെന്നും ഗുണ്ടുകളും റൗഡികളും തെമ്മാടികളും കൂത്താടിയിരുന്ന പ്രദേശമാണിതെന്നുമാണ് പി സി ജോര്‍ജ്ജ് പ്രസംഗിച്ചത്.
സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കെടുത്തവരും കലാ-സാസ്‌ക്കാരിക-സാഹിത്യ രംഗത്ത് ചിര പ്രതിഷ്‌ഠ നേടിയവരുമായ നിരവധി സ്ത്രീകള്‍ മാഹിയില്‍ ഉണ്ടായിരുന്നു. ഫ്രഞ്ച് ഭരണ കാലത്തു തന്നെ വിദ്യാ സമ്പന്നരായിരുന്നു മാഹിയിലെ സ്ത്രീകൾ. ചരിത്രത്തില്‍ കണ്ണോടിച്ചാല്‍ പി സി ജോര്‍ജ്ജിന് മനസിലാക്കാന്‍ കഴിയേണ്ടതാണ്. സ്ത്രിത്വത്തെ അപമാനിച്ചതിനും നാട്ടില്‍ കലാപം സൃഷ്‌ടിക്കാന്‍ ശ്രമിച്ചതിനും ജോര്‍ജ്ജിനെതിരെ നിയമ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് രമേഷ് പറമ്പത്ത് പറഞ്ഞു. കോണ്‍ഗ്രസ് ഭാരവാഹികളായ കെ മോഹനന്‍, നളിനി ചാത്തു, പി പി വിനോദ്, പി ടി സി ശോഭ, ആശാലത, കെ പി റജിലേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Also Read : അടിമാലി കൂമ്പന്‍പാറയ്ക്ക് സമീപം കാട്ടുതീ ; രണ്ടരയേക്കര്‍ സ്ഥലത്തെ കൃഷി നശിച്ചു - Wild Fire In Adimali Heavy Loss