എറണാകുളം : മഴുവന്നൂർ യാക്കോബായ സുറിയാനി പള്ളിയില്‍ സംഘർഷം. കുട്ടികൾ ഉൾപ്പടെ ആറു പേർക്ക് പരിക്കേറ്റു. കോടതി വിധി പ്രകാരം പള്ളി ഏറ്റെടുക്കാൻ പൊലീസെത്തിയതോടെയാണ് സംഘർഷമുണ്ടായത്. ഇതോടെ പള്ളി ഏറ്റെടുക്കാനുള്ള ശ്രമം പൊലീസ് ഉപേക്ഷിച്ചു.
പരിക്കേറ്റവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാക്കോബായ വിഭാഗം കൈവശം വച്ചിരിക്കുന്ന മഴുവന്നൂർ പള്ളി ഉൾപ്പെടെ ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ മലങ്കര സഭ പള്ളി തർക്കത്തിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
ഈ വിധി നടപ്പിലാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് ഓർത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. കോടതി വിധി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് വൻ പൊലീസ് സന്നാഹം മഴുവന്നൂർ പള്ളിയിലെത്തിയത്. എന്നാൽ യാക്കോബായ സഭാവിശ്വാസികൾ അതി രാവിലെ തന്നെ പള്ളിയിൽ തമ്പടിക്കുകയും പ്രവേശന കവാടം പൂട്ടുകയും ചെയ്‌തിരുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറ് കണക്കിന് യാക്കോബായ സുറിയാനി സഭാവിശ്വാസികൾ പ്രതിഷേധം തുടരുകയായിരുന്നു. പൂട്ട് പൊളിച്ച് പള്ളിയിലേക്ക് കടക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. തിക്കിലും തിരക്കിലും പെട്ടാണ് കുട്ടികൾക്ക് പരിക്കേറ്റത്. ബലപ്രയോഗം നടത്തുന്നത് കൂടുതൽ സംഘർഷങ്ങളിലേക്ക് പോകുമെന്ന വിലയിരുത്തലിനെ തുടർന്ന് പള്ളി ഏറ്റെടുക്കാനുള്ള ശ്രമം പൊലീസ് ഉപേക്ഷിക്കുകയായിരുന്നു.
യാക്കോബായ സഭാവിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് പള്ളി ഏറ്റെടുക്കാനായില്ലെന്ന് പൊലീസ് തിങ്കളാഴ്‌ച കോടതിയെ അറിയിക്കും. രക്തചൊരിച്ചൽ ഒഴിവാക്കി പള്ളി ഏറ്റെടുക്കണമെന്ന് കോടതിയും നിർദേശിച്ചിരുന്നു. സുപ്രീം കോടതി വിധി സർക്കാർ അട്ടിമറിക്കുകയാണെന്ന വിമർശനമാണ് ഓർത്തഡോക്‌സ് വിഭാഗം ഉന്നയിക്കുന്നത്.
സർക്കാരിന് യാക്കോബായ സഭ അനുകൂല നിലപാടാണുള്ളതെന്ന വിമർശനവും ഇവർ ഉന്നയിക്കുന്നു. അതേസമയം വലിയ ക്രമസമാധന പ്രശ്‌നമുണ്ടാക്കി പള്ളികൾ ഏറ്റെടുക്കുന്നതിനോട് സർക്കാറിന് താല്‍പര്യമില്ലെന്നത് വ്യക്തവുമാണ്.