എറണാകുളം : എറണാകുളം ഡിസിസി സെക്രട്ടറി അമീർ ബാവ ഉൾപ്പെടുന്ന സംഘം ഗൃഹനാഥനെ വീട്ടിൽ കയറി മർദിച്ചതായി പരാതി. കടം വാങ്ങിയ പണം ചോദിച്ച് പെരുമ്പാവൂർ വെങ്ങോലയിൽ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരമറ്റം വെട്ടക്കൽ വീട്ടിൽ മാർട്ടിനെയാണ് മർദിച്ചത്.
മാർട്ടിൻ്റെ പരാതിയിൽ എറണാകുളം ഡിസിസി സെക്രട്ടറിയായ കൊച്ചി സ്വദേശി അമീർ ബാവ, അമീർ ബാവയുടെ ഭാര്യ, ഷിജു, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിത എന്നിവരെ പ്രതി ചേർത്താണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്. പ്രതികൾക്കെതിരെ 451, 294(b), 323, 324, 34 ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
കാറ് പണയംവച്ച് അമീർ ബാവയിൽ നിന്ന് നേരത്തെ ആറര ലക്ഷം രൂപ വാങ്ങിയിരുന്നതായി മാർട്ടിൻ പറയുന്നു. എന്നാൽ ഇപ്പോൾ 21 ലക്ഷം രൂപ ചോദിച്ചാണ് ശനിയാഴ്‌ച ഉച്ച കഴിഞ്ഞ് വീട്ടിലെത്തി മർദിച്ചത് എന്നാണ് ആരോപണം. വീടിന്‍റെ അടുക്കള ഭാഗത്ത് കൂടി വീടിനകത്ത് പ്രവേശിച്ച സംഘം, അവിടെ ഉണ്ടായിരുന്ന കസേര ഉപയോഗിച്ച് ക്രൂരമായി മർദിച്ചുവെന്ന് ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
മർദനം അസഹ്യമായപ്പോൾ മാർട്ടിൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെയാണ് പ്രതികൾ മർദനത്തിൽ നിന്ന് പിന്മാറിയത് എന്ന് മാർട്ടിന്‍റെ ഭാര്യ ജിജി പറഞ്ഞു. അക്രമികൾക്കൊപ്പം കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും ഉണ്ടായിരുന്നതായി മാർട്ടിനും പറയുന്നു.
കൈത്തണ്ടയ്ക്ക് മുറിവേറ്റിയതിനെ തുടർന്ന് ഇദ്ദേഹത്തെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർട്ടിന്‍റെ കയ്യിൽ തുന്നലുണ്ട്. നേരത്തെ തലയ്ക്ക് പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന ആളായിരുന്നതിനാൽ ഇദ്ദേഹത്തെ വിദഗ്‌ധ ചികിത്സയ്ക്കായി കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരുന്നതായി പെരുമ്പാവൂർ പൊലീസ് അറിയിച്ചു.