ഇടുക്കി : മത സൗഹാർദത്തിലൂടെ കേരളത്തിന് മാതൃക ആകുകയാണ് രാജാകാട്ടിലെ വിവിധ മത സാമുദായിക സംഘടനകൾ. ഉത്സവങ്ങൾ, പെരുന്നാൾ തുടങ്ങി ആഘോഷങ്ങൾ ഏതുമായാലും എല്ലാ മത വിശ്വാസികളും ഒന്നിച്ചാണ് ഇവിടെ ആഘോഷിക്കുന്നത് മതമേതായാലും എല്ലാവരും സഹോദരങ്ങൾ ആണ് എന്ന വിശ്വാസമാണ് രാജാക്കാട് നിവാസികൾക്ക് ഉള്ളത്. ഇതിന്‍റെ ഭാഗമായി മതസൗഹാർദ കൂട്ടായ്‌മക്കും രൂപം നൽകിയിട്ടുണ്ട്.
ന്യൂനപക്ഷ സമുദായമായ മുസ്ലിം സഹോദരങ്ങളുടെ പെരുന്നാൾ ആഘോഷങ്ങളിലും നോമ്പ് തുറയിലും ഒപ്പം ചേരുകയാണ് രാജകാട്ടിലെ വിവിധ മത വിശ്വാസികൾ. മമ്മട്ടിക്കാനം ജമാഅത്ത് കമ്മിറ്റിയുടെയും മതസൗഹാർദ കൂട്ടായ്‌മയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സമൂഹ ഇഫ്‌താർ സംഗമം മത സൗഹാർദത്തിന്‍റെ വേറിട്ട കാഴ്‌ചയായി മാറി.
ഹൈന്ദവ, ക്രൈസ്‌തവ സമുദായങ്ങളാണ് ഇഫ്‌താർ സംഗമം നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ചെയ്‌തു നൽകുന്നത്. മത സൗഹാർദ സന്ദേശം പകർന്നു നൽകിയ ഇഫ്‌താർ സംഗമം മാതൃകാപരമായ പ്രവർത്തനമാണ് എന്ന് ജമാഅത്ത് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. മുസ്ലിം സഹോദരങ്ങളുടെ പെരുന്നാളുകൾ വലിയ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് രാജാക്കാട്ടിലെ വിവിധ മത വിശ്വാസികൾ.