എറണാകുളം: സഹപ്രവർത്തകനായ വിനോദിൻ്റെ ദാരുണമായ കൊലപാതകം താങ്ങാനാകാതെ വിങ്ങിപ്പൊട്ടി സഹ ടിടിഇമാർ. ട്രെയിനിൽ ടിടിഇ മാരുടെ ജീവന് യാതൊരു വിലയുമില്ല. തങ്ങൾക്കും ഈ ഗതി വരാം, മരണത്തെ മുഖാമുഖം കണ്ടാണ് പലപ്പോഴും ജോലി ചെയ്യുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഇത്തരം സുരക്ഷ പ്രശ്‌നങ്ങൾ നിരവധി തവണ മാനേജ്മെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. വളരെ വേദനാജനകമായ സഹപ്രവർത്തകൻ്റെ ദാരുണമായ കൊലപാതകമെങ്കിലും റെയിൽവേയുടെ കണ്ണ് തുറപ്പിക്കുമെന്ന് ടിടിഇമാരായി ജോലി ചെയ്യുന്ന ജീവനക്കാർ പ്രതീക്ഷിക്കുന്നു.
വിനോദിൻ്റെ അടുത്ത സുഹൃത്തായ ടിടിഇ ജെന്നി ഇന്നലെ ജോലിക്ക് കയറുന്നതിന് അദ്ദേഹത്തെ മുമ്പ് കണ്ടിരുന്നു. "കാണാമെന്ന് പറഞ്ഞ് ഹായ് പറഞ്ഞ് പിരിഞ്ഞതാണ്. ഇനി കാണാനാവില്ലെന്ന് ഓർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല." വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ ജെന്നി പൊട്ടി കരഞ്ഞു. താനും ഇതുപോലെ ട്രെയിനിൽ നിന്ന് മരണത്തെ മുഖാമുഖം കണ്ട അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
വിനോദ് ജീവിതത്തെ വളരെ സന്തോഷത്തോടെ സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നു.
സൗഹൃദത്തിന് ഒരുപാട് പ്രാധാന്യം നൽകുന്ന വ്യക്തിയായിരുന്നു. സ്വന്തം സഹോദരനെ നഷ്‌ടമായ വേദനയാണ് താൻ അനുഭവിക്കുന്നതെന്നും ടിടിഇ ജെന്നി പറഞ്ഞു. നേരത്തെ പ്ലാൻ ചെയ്‌ത് നടക്കാതെ പോയ ടൂർ വീണ്ടും നടത്തണമെന്ന് കഴിഞ്ഞ ദിവസവും വിനോദ് പറഞ്ഞിരുന്നു. അതിനു ശേഷമാണ് ഇന്നലെ പാറ്റ്ന എക്‌സ്‌പ്രസിലേക്ക് ജോലിക്ക് കയറിയത്.
ജോലിയിൽ വിനോദ് കാണിച്ച ആത്മാർത്ഥയുടെ പ്രതിഫലമായാണ് മരണം വരിക്കേണ്ടിവന്നത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. ചില തീവണ്ടികളിൽ സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിക്കാറുണ്ടെങ്കിലും അവരൊന്നും ഉത്തരവാദിത്തം കാണിക്കാറില്ല. പൊലീസിൻ്റെ ഭാഗത്തുനിന്ന് വേണ്ട പിന്തുണ ലഭിക്കാറിലെന്നും ജെന്നി കുറ്റപ്പെടുത്തി. സുരക്ഷയൊരുക്കേണ്ട പൊലീസുകാർ വേണ്ട രീതിയിൽ ജോലി ചെയ്യാതെ എസി കമ്പാർട്ടുമെൻ്റിൽ ഇരുന്ന് മടങ്ങി പോകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.
കഴിഞ്ഞ ദിവസം ഒരു വനിതാ ടിടിഇ ജോലി ചെയ്യുന്ന കമ്പാർട്ട്മെൻ്റിൽ പോകാൻ പൊലീസുകാരോട് പറഞ്ഞിട്ടും അവർ അത് പരിഗണിച്ചില്ല. പിന്നീട് മേലുദ്യോഗസ്ഥനെ വിളിച്ച് സംഭവം റിപ്പോർട്ട് ചെയ്‌തപ്പോഴാണ് അവർ ഇടപെട്ടത്. ഒരിക്കൽ ഈറോഡ് സ്‌റ്റേഷനിൽ ഇറങ്ങേണ്ട തനിക്ക് അവിടെ ഇറങ്ങാൻ പോലും കഴിഞ്ഞില്ല. അന്ന് തിരക്കിനിടയിൽ പെട്ട് താൻ മരണത്തെ മുഖാമുഖം കണ്ടെന്നും ജെന്നി വിശദീകരിച്ചു.
അമിതമായി തിരക്ക് അനുഭവപ്പെടുന്ന വണ്ടികളിലെ തിരക്ക് കുറയ്ക്കാനുള്ള അടിയന്തിരമായ നടപടി അവശ്യമാണ്. ഈ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇതര സംസ്ഥനക്കാർ റിസർവേഷൻ കാമ്പാർട്ട്മെൻ്റിൽ കയറി ഫൈൻ അടിക്കാൻ ആവശ്യപെടുകയാണ്. ഇത് റിസർവ് ചെയ്‌ത് യാത്രചെയ്യുന്ന യാത്രക്കാരെ പ്രയാസപ്പെടുത്തുന്നു. ട്രെയിനിൽ യാത്ര ചെയ്യുന്ന ജനപ്രതിനിധികളായ എംപിമാരോടും, എംഎൽഎമാരോടും താൻ ഈ പ്രശ്‌നം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇന്നുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാങ്ങുന്ന ശമ്പളത്തോടും റിസർവ് ചെയ്‌തു വരുന്ന യാത്രക്കാരോടും കൂറ് കാണിക്കുന്ന തങ്ങൾ വളരെ പ്രയാസപ്പെട്ടാണ് ജോലി ചെയ്യുന്നതെന്ന് ടിടിഇ അരുൺ കുമാർ പറഞ്ഞു. ആത്മാർത്ഥയോടെ ജോലി ചെയ്‌തത് കൊണ്ടാണ് തങ്ങളുടെ സഹപ്രവർത്തകനെ നഷ്‌ടമായത്. ടിക്കറ്റ് എടുക്കാത്ത ഇത്തരം യാത്രക്കാരെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോയിരുന്നെങ്കിൽ വിനോദിന് ഈ ദുരന്തം സംഭവിക്കില്ലായിരുന്നു. കൃത്യമായി ജോലി ചെയ്‌തത് കൊണ്ടാണ് വിനോദിന് ജീവൻ നഷ്‌ടമായത്. ഇനിയെങ്കിലും റെയിൽവേ അധികാരികൾ കണ്ണ് തുറക്കണമെന്നാണ് പറയാനുള്ളത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകുന്ന വണ്ടികളിൽ ക്രിമിനലുകളുടെ വിളയാട്ടമാണ്. ലഹരി ഉപയോഗിച്ച് വരുന്നവരുണ്ട്. ഇവരുടെ ഇടയിലാണ് ജോലി ചെയ്യുന്നത്. ടിടിഇമാരായി ജോലി ചെയ്യുന്ന വനിതകളുടെ അവസ്ഥ ഏറെ പ്രയാസകരമാണ്. വീട്ടിൽ നിന്ന് ജോലിക്കായി ഇറങ്ങുന്ന തങ്ങൾക്ക് തിരിച്ചെത്തുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ഇത്തരത്തിലുള്ള സാഹചര്യത്തിന് മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടിടിഇമാരായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കെല്ലാം പറയാനുള്ളത് ഇതേ അഭിപ്രായമാണ്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ തൃശൂർ വെളപ്പായയിൽ എന്ന പ്രദേശത്ത് വെച്ചാണ് എറണാകുളം പാറ്റ്ന എക്‌സ്‌പ്രസ് ട്രെയിനിൽ നിന്നും ടിടിഇ വി വിനോദിനെ യാത്രക്കാരനായ അതിഥി തൊഴിലാളി രജനികാന്ത തള്ളിയിട്ട് കൊലപ്പെടുത്തിയത്.
വൈകുന്നേരം അഞ്ചര മണിയോടെ എറണാകുളത്ത് നിന്നും യാത്ര തിരിച്ച എറണാകുളം പാട്‌ന എക്‌സ്‌പ്രസ് എഴുമണിയോടെയായിരുന്നു തൃശൂരിലെത്തിയത്. ഇവിടെ നിന്ന് എസ് പതിനൊന്ന് കോച്ചിലായിരുന്നു ടിടിഇ വിനോദ് കയറിയത്. ഇതേ കോച്ചിലായിരുന്നു ടിക്കറ്റില്ലാതെ ഒഡീഷ സ്വദേശിയായ രജനികാന്തയും കയറിയത്. ടിക്കറ്റ് എടുക്കാതെ മദ്യപിച്ച് യാത്ര ചെയ്യുകയായിരുന്ന രജനികാന്തയോട് ടിടിഇ വിനോദ് ടിക്കറ്റ് ആവശ്യപ്പെടുന്നു.
ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ കഴിയില്ലെന്ന് ടിടിഇ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മില്‍ വാക്ക് തർക്കം ഉണ്ടായി. തുടർന്ന് പൊലീസിൽ വിവരമറിയിക്കാൻ ട്രൈൻ വാതിലിന് സമീപത്ത് നിന്ന് ടിടിഇ ഫോണിൽ സംസാരിക്കുകയായിരുന്നു. ഇത് മനസിലാക്കിയ പ്രതി രജനികാന്ത അപ്രതീക്ഷിതമായി ടിടിഇയെ പിന്നിൽ നിന്നും തള്ളിയിടുകയായിരുന്നു. തൊട്ടടുത്ത ട്രാക്കിലേക്ക് വീണ ടിടിഇ വിനോദിൻ്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയും ചെയ്‌തു. തലയടിച്ച് വീണ വിനോദ് തൽക്ഷണം മരിക്കുകയായിരുന്നു.