കണ്ണൂര്‍ : കേരം തിങ്ങും കേരളനാട്. കവി ഭാവനയില്‍ കേരളം നിറയെ തെങ്ങാണ്. പക്ഷേ കാലം മാറിയപ്പോൾ കേരളനാട്ടില്‍ തെങ്ങ് കണികാണാനില്ല എന്ന് പാടേണ്ട സ്ഥിതിയാണ്. നാളികേര കൃഷിയില്‍ നിന്ന് കർഷകർ പിൻമാറിയതും മികച്ച വിത്ത് തേങ്ങ കിട്ടാനില്ലാത്തതുമായി നിരവധി കാരണങ്ങളാണ് അതിന് പിന്നിലുള്ളത്.
അങ്ങനെയിരിക്കുമ്പോഴാണ് വർഷങ്ങൾ കാത്തിരിക്കാതെ അതിവേഗം കായ്‌ഫലം ലഭിക്കുന്ന തെങ്ങുകളെ കുറിച്ച് വ്യാപക പ്രചാരണമുണ്ടായത്. അതിലൊന്നാണ് ഗംഗബോന്ധം എന്ന കുള്ളൻ തെങ്ങിനം. ഒരാൾ പൊക്കത്തില്‍ മാത്രം വളർച്ച. ഒന്നര വര്‍ഷം കൊണ്ട് കായ് ഫലം ഉണ്ടാകുമെന്നാണ് വാഗ്‌ദാനം. തെരുവോര കച്ചവടക്കാരും സ്വകാര്യ നഴ്‌സറികളുമാണ് ഇത് വ്യാപകമായി വില്‍പന നടത്തുന്നത്.
ആന്ധ്രപ്രദേശില്‍ കരിക്കിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഹൈബ്രിഡ് ഇനമാണ് ഇതെന്നാണ് കാർഷിക രംഗത്തെ വിദഗ്‌ദർ പറയുന്നത് കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇത്തരം ഹൈബ്രിഡ് തൈകൾ നേരിട്ട് കൃഷി ചെയ്യുന്നത് അഭികാമ്യമല്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഗുണനിലവാരമില്ലാത്ത തെങ്ങിൻ തൈകൾ വാങ്ങി വഞ്ചിതരാകരുതെന്നും മികച്ച പരിചരണം കിട്ടിയാല്‍ കുറഞ്ഞ കാലത്തിനുള്ളില്‍ കായ്‌ഫലം തരുന്ന തെങ്ങിൻ തൈകൾ കേരള സർക്കാരിന്‍റെ അംഗീകൃത ഫാമുകളില്‍ ലഭ്യമാണെന്നും സംസ്ഥാന തെങ്ങിന്‍ തൈ ഉത്പ്പാദന കേന്ദ്രം അധികൃതർ പറയുന്നു.
'കേരള മാതൃക': മാതൃവൃക്ഷം തിരഞ്ഞെടുത്ത് വിത്ത് തേങ്ങ ശേഖരിക്കുന്നതു മുതല്‍ സൂക്ഷ്‌മ നിരീക്ഷണം നടത്തിയാണ് കേരളത്തില്‍ തെങ്ങിൻതൈ ഉല്‍പ്പാദനവും ഗവേഷണവും നടക്കുന്നത്. 20 വര്‍ഷം പ്രായമുള്ള തെങ്ങില്‍ നിന്നും 11 മാസം മൂപ്പെത്തിയ തേങ്ങ കെട്ടിയിറക്കിയാണ് മുളപ്പിക്കുന്നത്. മികച്ച കുറിയ ഇനത്തിനുള്ള തെങ്ങ് കേരളത്തിലും ഉത്പ്പാദിപ്പിക്കുന്നുണ്ട്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഗംഗബോന്ധം നേരിട്ട് കൃഷി ചെയ്യാൻ പാടില്ലെന്നാണ് സംസ്ഥാന കാർഷിക ഗവേഷകർ പറയുന്നത്. ഗംഗബോന്ധത്തിന്‍റെ മാതൃചെടിയില്‍ നിന്നും പൂമ്പൊടി ശേഖരിച്ച് കേരളത്തിലെ തെങ്ങിന്‍ തൈകളിലെ പൂക്കുലകളില്‍ സംയോജിപ്പിച്ച് സങ്കര ഇനം തെങ്ങിൻ തൈ ഉല്‍പ്പാദിക്കുകയാണ് വേണ്ടത്. സംസ്ഥാന കൃഷി വകുപ്പിന്‍റെ വിത്തുല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാകുന്ന തെങ്ങിൻ തൈകൾക്ക് കുറഞ്ഞ വിലയും ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയും ആയുസ്സും ഉറപ്പ് നല്‍കുന്നുണ്ട്.
മികച്ച തെങ്ങിൻ തൈകൾ എവിടെ കിട്ടും?
നാളികേര റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് - ബാലരാമപുരം (തിരുവനന്തപുരം)
ഫാമിംഗ് സിസ്‌റ്റം റിസർച്ച് സ്‌റ്റേഷൻ - സദാനന്ദപുരം (കൊല്ലം)
തെങ്ങ് ഗവേഷണ കേന്ദ്രം കായംകുളം(ആലപ്പുഴ)
കാർഷിക ഗവേഷണ കേന്ദ്രം - മണ്ണുത്തി (തൃശ്ശൂർ)
സംസ്ഥാന തെങ്ങിന്‍ തൈ ഉത്പ്പാദന കേന്ദ്രം (പാലക്കാട്)
പടന്നക്കാട് കാര്‍ഷിക ഗവേഷണ കേന്ദ്രം (കാസര്‍കോട് )
നാളികേര വികസന ബോർഡ് (കൊച്ചി)
കാർഷിക കോളേജ്, വെള്ളായണി, തിരുവനന്തപുരം.
കോക്കനട്ട് നഴ്‌സറി, വലിയതുറ (തിരുവനന്തപുരം)
കോക്കനട്ട് നഴ്‌സറി, കഴക്കൂട്ടം
കോക്കനട്ട് നഴ്‌സറി, കരുനാഗപ്പള്ളി
ജില്ലാ കൃഷിത്തോട്ടം, മാവേലിക്കര ,ആലപ്പുഴ
ജില്ലാ കൃഷിത്തോട്ടം, അഴീക്കുഴ ഇടുക്കി
ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം, എറണാകുളം
കോക്കനട്ട് നഴ്‌സറി, വൈറ്റില, എറണാകുളം
ജില്ലാ കൃഷിത്തോട്ടം ,ചേലക്കര തൃശ്ശൂർ
സ്‌റ്റേറ്റ് സീഡ് ഫാം, മണ്ണുത്തി, തൃശ്ശൂർ
സ്‌റ്റേറ്റ് സീഡ് ഫാം, പഴയന്നൂർ, തൃശ്ശൂർ
കോക്കനട്ട് നഴ്‌സറി, ഇരിങ്ങാലക്കുട, തൃശ്ശൂർ
ഹോർട്ടികൾച്ചർ ഡവലപ്മെന്‍റ് ഫാം, മലമ്പുഴ , പാലക്കാട്
കോക്കനട്ട് നഴ്‌സറി, പരപ്പനങ്ങാടി, മലപ്പുറം
കോക്കനട്ട് നഴ്‌സറി, തിക്കോടി, കോഴിക്കോട്
കോക്കനട്ട് നഴ്‌സറി, പാലയാട്, കണ്ണൂർ