തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ സമര സമിതി പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ചർച്ച നടത്തി. ആരെയും കുടിയിറക്കില്ലെന്ന് സമര സമിതി പ്രതിനിധികൾക്ക് ഉറപ്പ് നൽകിയെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ നീക്കമെന്നും മുഖ്യമന്ത്രി സമര സമിതിയെ അറിയിച്ചു.
നോട്ടിസടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യം ബോർഡ് അംഗീകരിക്കുകയും ചെയ്തതായി മുഖ്യമന്ത്രി സമര സമിതിയെ അറിയിച്ചു. ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മിഷന് മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങള്‍ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.
ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരും. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ജനങ്ങളുടെ ആശങ്കകൾ കോടതിയെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കമ്മിഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാരുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ചർച്ചയിൽ റവന്യു മന്ത്രി കെ. രാജൻ, നിയമ മന്ത്രി പി. രാജീവ് , വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എറണാകുളം ജില്ലാ കളക്ടർ എന്‍എസ്കെ ഉമേഷ് എന്നിവരും വൈപ്പിൻ എംഎൽഎ കെ. എൻ ഉണ്ണികൃഷ്ണൻ, വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ, കോട്ടപുറം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ, മുനമ്പം സമരസമിതി ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, കൺവീനർ ബെന്നി, മുരുകൻ (എസ്. എൻ. ഡി. പി), പി ജെ ജോസഫ് (പ്രദേശവാസി) എന്നിവരും പങ്കെടുത്തു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്നലെയാണ് മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നത്. തർക്കം പരിഹരിക്കാൻ ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മിഷനായി നിയോഗിക്കാനും സർക്കാർ ഇന്നലെ തീരുമാനിച്ചിരുന്നു.
കോടതിയില്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ വിശദീകരിക്കുമെന്നും കമ്മിഷന് ആവശ്യപ്പെടുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്നും ഇന്നലത്തെ ഉന്നതതല യോഗത്തിന് ശേഷം നിയമ മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. മുനമ്പവുമായി ബന്ധപ്പെട്ട് 9 കേസുകള്‍ കോടതിയിലുണ്ട്.
അര്‍ഹരായ മുഴുവന്‍ അവകാശികളുടെയും അവകാശം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മുനമ്പത്തെ വഖഫുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ പെട്ടെന്ന് തീരില്ല. കമ്മിഷന് ശാശ്വത പരിഹാരം കാണും. മുനമ്പത്തെ സമരക്കാരെ മുഖ്യമന്ത്രി കണ്ടുവെന്നും നടപടി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും പി രാജീവ് ഇന്നലെ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു.
ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി.
ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മിഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമര സമിതിയെ അറിയിച്ചു. നോട്ടിസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടുണ്ട്.
Also Read: 'ആരെയും കുടിയൊഴിപ്പിക്കില്ല'; മുനമ്പം വഖഫ് ഭൂമി തര്‍ക്കത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു