തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ സേനയിലുണ്ടാകുന്ന സമ്മർദം കൊണ്ടു മാത്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സേനയിൽ ഔദ്യോഗിക സമ്മർദവും ജോലി ഭാരവും മൂലമുള്ള ആത്മഹത്യ കൂടുന്നുവെന്നും വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പി സി വിഷ്‌ണുനാഥ് എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊലീസ് സേനയിൽ 8 മണിക്കൂർ ജോലി അത്രവേഗം നടപ്പിലാക്കാൻ കഴിയില്ലെന്നും ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
കുറ്റാന്വേഷണവും ക്രമസമാധാന പാലനവും പ്രത്യേകമായി കൈകാര്യം ചെയ്യാനുള്ള സംവിധാനം സ്റ്റേഷനുകളിൽ നടപ്പിലാക്കി വരുന്നു. മാനസിക സംഘർഷം നേരിടുന്ന പൊലീസുകാരെ കണ്ടെത്തി യോഗ ഉൾപ്പെടെ നൽകുന്നുണ്ട്. കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ച് വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, 18 മണിക്കൂറോളം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് യോഗ ചെയ്യാൻ സമയമെവിടെയെന്ന് ചോദിച്ചു കൊണ്ട് പി സി വിഷ്‌ണുനാഥ് വിമർശനം കടുപ്പിച്ചു. 5 വർഷത്തിനിടയിൽ 88 പേരാണ് ആത്മഹത്യ ചെയ്‌തത്. സഭ സമ്മേളിച്ച 6 ദിവസത്തിനിടയിൽ 5 ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്‌തത്.
പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും, എന്നാൽ പഴയ ആളെണ്ണം മാത്രമാണ് പൊലീസ് സ്റ്റേഷനിലുള്ളത്. 8 മണിക്കൂർ ജോലി പൊലീസുകാർക്ക് സ്വപ്‌നം കാണാൻ കഴിയില്ല. 18 മണിക്കൂർ 59 പൊലീസുകാർ ജോലി ചെയ്‌താൽ മാത്രമേ ഒരു പൊലീസ് സ്റ്റേഷന് സുഗമമായി പ്രവർത്തിക്കാൻ കഴിയൂ.
ശരാശരി 48 പൊലീസുകാരെ വെച്ചാണ് 148 പൊലീസുകാരുടെ പണി ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്നത്. പുതിയ ട്രാഫിക് പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കില്ലെന്ന് പറഞ്ഞു. ഈ ജോലി ഭാരം കൂടി ലോക്കൽ പൊലീസിന്‍റെ തലയിലേക്ക് പോകുന്നു.
പൊലീസ് സ്റ്റേഷനിൽ വാദിയോടും പ്രതിയോടും പേപ്പർ വാങ്ങാൻ പറയുന്നു. സ്റ്റേഷനറി സാധനങ്ങൾ വാങ്ങാൻ പോലും പണം നൽകുന്നില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പിഎസ്‌സി നിയമനം നടത്തുന്നത് കേരളത്തിൽ എന്ന് പറയുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ യൂണിഫോം ഫോഴ്‌സുകളിലേക്കുള്ള നിയമനത്തിന് പ്രത്യേകം ബോർഡ് ഉണ്ട്. പൊലീസ് റാങ്ക് ലിസ്റ്റിൽ പേരുൾപ്പെട്ടവർ സമരം നടത്തുമ്പോൾ സർക്കാർ കേൾക്കാൻ തയ്യാറായില്ല. 148 പേരാണ് സമീപ കാലത്ത് വിആർഎസ് എടുത്തു പോയതെന്നും വിഷ്‌ണുനാഥ് എംഎൽഎ ആരോപിച്ചു.
6 വർഷം ജോലി ചെയ്‌ത ഡിവൈഎസ്‌പി ഇപ്പോൾ ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയ്യുന്നു. രാഷ്ട്രീയ അതിപ്രസരം സേനയിലെ സമ്മർദത്തെ സ്വാധീനിക്കുന്നുവെന്നും പി സി വിഷ്‌ണുനാഥ് കണക്കുകൾ സഹിതം വിശദീകരിച്ചു. എവിടെയിരുന്നും യോഗ ചെയ്യാനാകുമെന്നും അംഗ സംഖ്യ വർധിപ്പിക്കണമെന്നത് ന്യായമായ ആവശ്യമാണെന്നുമായിരുന്നു വിമർശനങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടാൽ ജോലിക്ക് അർഹരായി എന്ന് ചെറുപ്പക്കാർ കരുതുന്നു. എന്നാൽ റാങ്ക് ലിസ്റ്റിലെ എല്ലാവരെയും നിയമിക്കാൻ കഴിയില്ല. രാഷ്ട്രീയ ഇടപെടലോ രാഷ്ട്രീയ സ്വാധീനമോ പൊലീസ് സ്റ്റേഷനുകളിൽ ഇല്ല.
പൊലീസ് സ്റ്റേഷനുകളെ യാതൊരു ബാഹ്യ ഇടപെടലുകളും ഭരിക്കുന്നില്ലെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. അവധി തീരെ കിട്ടുന്നില്ല എന്ന് മനസിലാക്കി പൊലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചപ്പോഴും മുഖ്യമന്ത്രി നിയമസഭയിൽ ഉത്തരവാദിത്വമില്ലാതെ മറുപടി പറയുന്നുവെന്ന് തുടർന്ന് നടത്തിയ വാക്ക് ഔട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശനം ഉന്നയിച്ചു.
പൊലീസ് സ്റ്റേഷനിൽ എത്തുന്ന സാധാരണക്കാരനെയാണ് ആൾ ക്ഷാമം ബാധിക്കുക. അമിതമായ ജോലിഭാരം അവരുടെ ജോലിയെ എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് എസ്‌പിയെ നിയന്ത്രിക്കുന്നത് സിപിഎം ജില്ല കമ്മിറ്റികളും എസ്എച്ച്ഒമാരെ നിയന്ത്രിക്കുന്നത് പാർട്ടി ഏരിയ കമ്മിറ്റികളുമാണെന്നും ആരോപിച്ചു.
ക്രിമിനലുകൾക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം സിപിഎം നൽകുന്നു. ഒഴിവുകൾ കൃത്യമായി പൊലീസിനെ അറിയിക്കുന്നില്ല. 20 കൊല്ലം മുൻപ് ഉണ്ടായിരുന്നതിന്‍റെ 100 ഇരട്ടി ജോലിയാണ് ഇന്നുള്ളത്. ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also Read: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി: കുടുംബ പ്രശ്‌നമെന്ന് സൂചന