തിരുവനന്തപുരം: ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നൽകിയ ഏതെങ്കിലും വനിത പരാതി നൽകാന്‍ തയ്യാറായി മുന്നോട്ട് വന്നാല്‍ സര്‍ക്കാരില്‍ നിന്നും ഉചിതമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതിയില്ലാതെ കേസില്ലെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയിട്ടില്ല. പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് പുറത്ത് വരാന്‍ പാടില്ലെന്ന് 2020 ഫെബ്രുവരി 19 ന് ജസ്‌റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് കത്ത് നൽകിയിരുന്നു.
ആരോപണങ്ങളുടെ സെന്‍സിറ്റീവ് സ്വഭാവവും പരസ്യമായാല്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളും കണക്കിലെടുത്ത് സാക്ഷികളുടെ മൊഴികള്‍ക്ക് അതീവ രഹസ്യ സ്വഭാവം നിലനിര്‍ത്താന്‍ കമ്മിറ്റി തന്നെ നിര്‍ബന്ധം പുലര്‍ത്തി. പലരും കമ്മിറ്റിക്ക് മുന്‍പില്‍ തുറന്ന് വര്‍ത്തമാനം പറഞ്ഞത് തന്നെ റിപ്പോര്‍ട്ടിന്‍റെ രഹസ്യസ്വഭാവത്തെ കുറിച്ച് ഉറപ്പ് ലഭിച്ചതോടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സിനിമ മേഖലയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത അപജയങ്ങള്‍ പരിഹരിക്കാനാണ് കമ്മിറ്റി രുപീകരിച്ചത്. അത് പരിഹരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് കമ്മിറ്റി. പരിഷ്‌കരണം ആവശ്യമാണ്. അപജയങ്ങള്‍ പരിഹരിച്ച് നിലവാരമുയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും, അതിന് ചലച്ചിത്ര പ്രവര്‍ത്തകർ സഹകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചലച്ചിത്ര മേഖലയിലെ നിയമവിരുദ്ധ, സ്ത്രീവിരുദ്ധ പ്രവണതകളെ ശക്തമായി തന്നെ നേരിടും. അതിനുള്ള നിശ്ചയദാര്‍ഢ്യം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.