എറണാകുളം: നാടിന്‍റെ സുരക്ഷ പൊലീസിന്‍റെ മാത്രം ഉത്തരവാദിത്തമായി കാണാന്‍ പറ്റില്ലെന്നും ഒരു ജനകീയസേന എന്ന നിലയിലാണ് കേരള പൊലീസ് ഇന്ന് പ്രവര്‍ത്തിച്ചുവരുന്നതെന്നും അതുകൊണ്ടുതന്നെ നാടിന്‍റെയും നാട്ടുകാരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിൽ റസിഡന്‍റ്സ് അസോസിയേഷനുകള്‍ പൊലീസുമായി നല്ല നിലയിൽ സഹകരിക്കേണ്ടതുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. റസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായി എറണാകുളത്ത് നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഉപയോഗപ്രദമായ ധാരാളം പദ്ധതികള്‍ നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്. വയോജന ക്ഷേമം ഉറപ്പാക്കുന്നതിനായി പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് നടപ്പാക്കിവരുന്ന പ്രശാന്തി ഹെല്‍പ്പ് ലൈന്‍ പദ്ധതി ഇതിന് ഒരു ഉദാഹരണമാണെന്നും ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷന്‍ നിലവിലുണ്ട്. മെഡിക്കൽ ആവശ്യങ്ങള്‍ക്കും മറ്റ് സഹായങ്ങള്‍ക്കും ഈ ഹെൽപ്പ് ലൈന്‍ മുഖേന ബന്ധപ്പെടാം അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ വേണ്ടും വിധം ജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് നാം ചിന്തിക്കണം. ആവശ്യാനുസരണം അവയുടെ സേവനം ലഭ്യമാക്കുന്നതിനായി പ്രാദേശികതലത്തിൽ റസിഡന്‍റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇതിനുപുറമെ പ്രാദേശികമായി ഏറ്റെടുക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ ഉണ്ടെന്നും പല ജലാശയങ്ങളും നീര്‍ത്തടങ്ങളും ഇപ്പോഴും ഉപയോഗശൂന്യമായ അവസ്ഥയിലാണ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമയബന്ധിതമായി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും അവയൊക്കെ സംരക്ഷിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിൽ പൂര്‍ണ്ണമായി പങ്കാളികളാകുന്നതിനും റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.