തിരുവനന്തപുരം/എറണാകുളം : വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ നിന്ന് ഉയര്‍ന്നു വന്ന അദ്ദേഹം ഒന്‍പത് വര്‍ഷക്കാലം സിപിഎമ്മിന്‍റെ ജനറല്‍ സെക്രട്ടറിയായി വൈഷമ്യമേറിയ രാഷ്ട്രീയ ഘട്ടങ്ങളിലൂടെ പാര്‍ട്ടിയെ നയിച്ചു. പാര്‍ട്ടിയുടെ നേതൃപദവികളിലിരുന്ന് കൃത്യമായ നിലപാടുകള്‍ രൂപീകരിച്ചുകൊണ്ട് സിപിഎമ്മിനും ഇടതുപക്ഷത്തിനും പൊതുവിലും ഇന്ത്യന്‍ രാഷ്ട്രീയത്തിനാകെത്തന്നെയും മാര്‍ഗനിര്‍ദേശകമാവിധം സീതാറാം പ്രവര്‍ത്തിച്ചു. രാജ്യവും ജനങ്ങളും ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തില്‍ സീതാറാമിന്‍റെ അഭാവം രാജ്യത്തിന് പൊതുവില്‍ തന്നെ നികാത്താനാകാത്ത നഷ്‌ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വികാരാധീനനായി എകെ ആന്‍റണി : യെച്ചൂരിയുടെ വിയോഗം ദേശീയ രാഷ്ട്രീയത്തിലും ഇന്ത്യയിലെ മതേതര ജനാധിപത്യ ശക്തികള്‍ക്കും അടുത്തകാലത്തുണ്ടായ തീരാ നഷ്‌ടമാണെന്ന് എകെ ആന്‍റണി അനുസ്‌മരിച്ചു. 'വ്യക്തിപരമായി തനിക്ക് ദീര്‍ഘകാലമായി അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതു കാര്യവും പരസ്‌പര വിശ്വാസത്തോടെ തുറന്നു സംസാരിക്കാവുന്ന ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്‌ടമായിരിക്കുന്നത്. വ്യക്തിപരമായി ഞങ്ങള്‍ ഏറ്റവും അടുക്കുന്നത് എന്‍റെ രാജ്യസഭ കാലഘട്ടത്തിലാണ്. വര്‍ഷങ്ങളോളം ഞങ്ങള്‍ ഒരുമിച്ച് രാഷ്ട്രീയത്തിലുണ്ടായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രാജ്യസഭയില്‍ ഏറ്റവും മികച്ച പ്രസംഗകരുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥാനം. ഓരോ വിഷയങ്ങളും അവതരിപ്പിക്കുമ്പോള്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും അദ്ദേഹത്തിന്‍റെ പ്രസംഗത്തിനു കാതോര്‍ക്കുമായിരുന്നു. അദ്ദേഹവുമായി ഞാന്‍ ഏറ്റവുമധികം അടുക്കാന്‍ തുടങ്ങുന്നത് ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ്. അന്ന് ഞാന്‍ മൻമോഹൻ സിങ് സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്നു.
ഒന്നാം യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഇടതു പാര്‍ട്ടികള്‍ പ്രത്യേകിച്ചും സിപിഎമ്മും സിപിഐയും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. അവരെക്കൂടി യുപിഎ സര്‍ക്കാരില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ തയ്യാറായില്ല. പക്ഷേ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോള്‍ അക്കാര്യം ഈ രണ്ടു പാര്‍ട്ടികളും അറിഞ്ഞിരിക്കണമെന്ന നിര്‍ബന്ധം അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിക്കുമുണ്ടായിരുന്നു.
അതു കൊണ്ട് ഞങ്ങള്‍ പ്രധാനപ്പെട്ട നേതാക്കള്‍ ആഴ്‌ചയിലൊരിക്കല്‍ പ്രണബ് മുഖര്‍ജിയുടെ വസതിയില്‍ ഒരുമിച്ചു കൂടുമായിരുന്നു. ആ യോഗത്തില്‍ നിര്‍ന്ധമായും പങ്കെടുത്തിരുന്ന രണ്ടു നേതാക്കള്‍ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമായിരുന്നു. മുന്നണിയാകുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുത്തിരുന്നത് സീതാറാം യെച്ചൂരിയായിരുന്നെന്നും ആന്‍റണി അനുസ്‌മരിച്ചു.
Also Read: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു