തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 28 ന് ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ചിരിക്കുന്നത് അതിശക്തമായ പ്രക്ഷോഭമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ സമരമാകുമ്പോള്‍ അതിന് ഉദ്ഘാടന പ്രസംഗമുണ്ടാകും.
സമ്മേളനത്തിലേക്ക് ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മുന്‍ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിന്നുള്ള മുഴുവന്‍ മന്ത്രിമാരും ഇടത് എംഎല്‍എ മാരും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. പ്രതിപക്ഷം കൂടി ആ സമരത്തിന് ഉണ്ടാകണമെന്നായിരുന്നു ആഗ്രഹമെങ്കിലും ഇപ്പോഴത്തെ സമരത്തില്‍ അവരുണ്ടാകില്ല. അതിന്‍റെ കാരണം അവര്‍ തന്നെ വ്യക്തമാക്കേണ്ടതാണ്.
കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. പക്ഷെ ഇനി അദ്ദേഹം പങ്കെടുക്കാന്‍ സാധ്യത കാണുന്നില്ല. മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരുമൊക്കെ വരുമ്പോള്‍ അവിടെ സ്വാഭാവികമായും പ്രസംഗങ്ങളുമുണ്ടാകും. ഇതെല്ലാം അറിഞ്ഞുവെച്ചു കൊണ്ട് സമരത്തിന്‍റെ മൂല്യം കുറച്ച് കാണിക്കാന്‍ ബോധപൂര്‍വ്വം സൃഷ്‌ടിച്ചതാണ് ഈ വാര്‍ത്ത എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
പ്രതിപക്ഷ നേതാവും ഗവര്‍ണറും പറഞ്ഞത് ഒരേ രീതിയില്‍. വാചകം പോലും ഒരുപോലെ. മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ നടത്തുന്ന സമരത്തെ കുറച്ച് കാണിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. തനതു നികുതിവരുമാനത്തിലും അഭ്യന്തര ഉത്പാദനത്തിലും മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ വരിഞ്ഞു മുറുക്കുകയാണ്.
ഈ ദുര്‍നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളേണ്ട പ്രതിപക്ഷം ജനവിരുദ്ധ പക്ഷത്തു നിന്ന് സര്‍ക്കാരിനെ കടന്നാക്രമിക്കുകയും ചെയ്യുന്നു. ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന വീടുകള്‍ ഓരോരുത്തരുടെയും സ്വന്തമാണ്. അതിന്മേല്‍ മറ്റൊരാള്‍ക്കും അവകാശമില്ല. വീട് നിര്‍മ്മിച്ച ശേഷം അത് ഇന്ന തരത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ് എന്നും ഇന്നവരുടെ സഹായത്താല്‍ നിര്‍മ്മിച്ചതാണ് എന്നും എഴുതി വെക്കുന്നത് വീട്ടുടമസ്ഥന്‍റെ ആത്മാഭിമാനത്തെ ആക്രമിക്കുന്നതാണ്.
അത്തരത്തില്‍ ഒരു ലേബലിംഗും കേരളത്തില്‍ നടപ്പില്ല. ആര് നിര്‍ബന്ധിച്ചാലും അതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുകയുമില്ല. വലിയ ധനകാര്യ ചെലവുകളോടെ കേരളം പടുത്തുയര്‍ത്തിയ നമ്മുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ സംസ്ഥാനത്തിന്‍റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കാരണമാക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ സമരം നടത്താന്‍ നിര്‍ബന്ധിതമാകുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.