തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ തർക്കം. ഇടതുസംഘടനകൾ കേരള സർവകലാശാല വിസി മോഹൻ കുന്നുമ്മലിനെ തടഞ്ഞു. 9 സീറ്റുകളിലേക്കാണ് ഇന്ന് (ജൂലൈ 29) തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ 15 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി, കോൺഗ്രസ് അനുകൂല സംഘടനകൾ നൽകിയ പരാതിയിൽ ഇന്ന് (ജൂലൈ 29) ഹൈക്കോടതി വിധി പറയാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് വിസി അറിയിച്ചത്. ഇതാണ് തര്‍ക്കത്തിന് കാരണമായത്.
കേസുമായി ബന്ധമില്ലാത്ത 9 സീറ്റുകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടതുസംഘടനകൾ വിസിയെ ചേംമ്പറിൽ തടഞ്ഞത്. എന്നാൽ ഹൈക്കോടതി വിധിക്ക് ശേഷം ഫല പ്രഖ്യാപനമെന്നാണ് വിസി മോഹൻ കുന്നുമ്മലിന്‍റെ നിലപാട്. വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി എത്തി. നിലവിൽ സംഘടന പ്രതിനിധികളും വിസിയും തമ്മില്‍ ചർച്ച പുരോഗമിക്കുകയാണ്. ഗവർണർ നോമിനേറ്റ് ചെയ്‌ത 5 അംഗങ്ങൾ ഉൾപ്പെടെയുള്ള 15 സെനറ്റ് അംഗങ്ങളുടെ വോട്ടെണ്ണലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിലക്കിയിരുന്നത്.
ഇടതുപക്ഷത്തിന് ലഭിക്കേണ്ട 9 വോട്ടുകളും ബിജെപിക്ക് ലഭിക്കേണ്ട 5 വോട്ടുകളും വിലക്കിയവയില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസിന് ലഭിക്കേണ്ട ഒരു വിദ്യാര്‍ഥി പ്രതിനിധിയുടെ വോട്ട് എണ്ണുന്നതിനും ഹൈക്കോടതി വിലക്കുണ്ട്. ബിജെപി അനുകൂല സെനറ്റംഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 10 സെനറ്റ് അംഗങ്ങളുടെ കാലാവധി ജൂലൈ 20ന് പൂര്‍ത്തിയായെന്ന വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിലക്ക്.
Also Read: വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി; ഗവർണറുടെ നടപടി സ്റ്റേ ചെയ്‌ത് ഹൈക്കോടതി