വയനാട് : രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യം വയനാടിനോ ആദിവാസി ഗോത്ര സമൂഹത്തിനോ ഒരു മാറ്റവും ഉണ്ടാക്കിയില്ലെന്ന് ആദിവാസി ഗോത്ര മഹാസഭ നേതാവും എന്‍ഡിഎ ഘടക കക്ഷിയായ ജെആര്‍പി (ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി) സംസ്ഥാന പ്രസിഡന്‍റുമായ സികെ ജാനു. ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സികെ ജാനു.
രാഹുല്‍ ഡല്‍ഹിയില്‍ നിന്ന് മണ്ഡലത്തിലെത്തിയിട്ട് 5 വര്‍ഷമേ ആയിട്ടുള്ളൂ. എന്നാല്‍ മണ്ഡലം വയനാട് എന്ന പേരിലായ ശേഷം, 2009 മുതല്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ജയിച്ചിട്ട് ഈ വയനാട്ടിന് എന്ത് നേട്ടമുണ്ടായി?. ദളിത് ആദിവാസി ഗോത്ര സമൂഹങ്ങളുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം കേരളം മാറി മാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും മാത്രമാണ്.
അവരുടെ ജാഥകളില്‍ ആളെക്കൂട്ടാനും തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള വോട്ടു ബാങ്കുകള്‍ മാത്രമാക്കി അവര്‍ ഈ സമൂഹത്തെ ഇത്രയും കാലം വഞ്ചിച്ചു. എന്‍ഡിഎ ഇതുവരെ അങ്ങനെ ചെയ്‌തിട്ടില്ല. അവര്‍ 5 വര്‍ഷം അധികാരത്തിലെത്തിയ ശേഷം എങ്ങനെ ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം. അവരും ഒന്നും ചെയ്യുന്നില്ലെങ്കില്‍ അപ്പോള്‍ നോക്കാം.
ആദിവാസികള്‍ക്ക് മറ്റ് മതങ്ങളില്‍ നിന്ന് വേറിട്ട ഒരു മതം വേണം. അതിന് ആദിവാസി എന്ന പേരു തന്നെ ആയിക്കോട്ടെ. സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണമെന്ന വയനാട്ടിലെ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍റെ പ്രസ്‌താവനയെ കുറിച്ച് ഇതുവരെ ഒന്നുമറിഞ്ഞിട്ടില്ലെന്നും കൂടുതല്‍ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും ജാനു പറഞ്ഞു.
വിശദമായ അഭിമുഖം:
? സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണമെന്ന വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രനന്‍റെ പ്രസ്‌താവനയെ എങ്ങനെ കാണുന്നു?
ഇതിനെക്കുറിച്ച് ഞാന്‍ ഒന്നും അറിഞ്ഞില്ല. ഇപ്പോള്‍ നിങ്ങള്‍ പറഞ്ഞാണ് ഞാനീ വിവരം അറിയുന്നത്. ഞാന്‍ അന്വേഷിച്ചിട്ട് വിവരം പറയാം.
? സികെ ജാനുവിനെ ഇത്തവണ ബിജെപി തഴഞ്ഞത് എന്തുകൊണ്ടാണ്?
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കണം എന്ന് പൊതുവേ ഞങ്ങള്‍ ഇത്തവണ ആഗ്രഹിച്ചിട്ടില്ല. മാത്രമല്ല, 7 നിയമസഭ മണ്ഡലങ്ങളുള്ള, അത്രയും സ്ഥലത്ത് സജീവമായി നില്‍ക്കുകയും വേണ്ടേ. അതിനൊക്കെയുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട. മുന്നണി എന്ന നിലയില്‍ മുന്നോട്ടു പോയാല്‍ മതി എന്ന് തീരുമാനിക്കുകയായിരുന്നു. അതു കൊണ്ട് സീറ്റ് സംബന്ധിച്ച് ചര്‍ച്ചയോ തര്‍ക്കമോ ഒന്നും നടന്നിട്ടില്ല.
? ദളിത്, ആദിവാസി ഗോത്ര സമൂഹങ്ങളുടെ ഭൂമി പ്രശ്‌നം, അവരുടെ ജീവല്‍ പ്രശ്‌നങ്ങള്‍, അവരുടെ സാംസ്‌കാരിക സ്വാതന്ത്ര്യം എന്നിവയൊക്കെ ഉയര്‍ത്തി പൊതു മണ്ഡലത്തില്‍ ശ്രദ്ധേയായ സികെ ജാനു, ഇപ്പോള്‍ സഹകരിക്കുന്ന ബിജെപിക്ക് അത്തരം നിലപാടുകളുണ്ടെന്ന് കരുതുന്നുണ്ടോ?
ബിജെപിയുടെ നിലപാട് നോക്കേണ്ട കാര്യം നമ്മള്‍ക്കില്ല. നമ്മള്‍ ബിജെപി ടിക്കറ്റെടുത്ത് കൂടെ കൂടുകയൊന്നുമല്ല ചെയ്‌തിരിക്കുന്നത്. ഒരു മുന്നണിയുടെ ഭാഗമായി പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ബിജെപിയുമായി സഹകരിക്കുകയാണ് ചെയ്യുന്നത്.
? സികെ ജാനുവിലൂടെ ആദിവാസി സമൂഹത്തെ ഒപ്പം കൂട്ടാനല്ലേ ബിജെപി ശ്രമിക്കുന്നത്?
അങ്ങനെയൊരു ശ്രമം ബിജെപി നടത്തുന്നതിന് പകരം അവര്‍ക്ക് നേരിട്ട് ആദിവാസികള്‍ക്കിടയിലേക്ക് ഇറങ്ങാമല്ലോ?. ഒരു വ്യക്തിയെ വച്ച് പാര്‍ട്ടികളിലേക്ക് ആളെക്കൂട്ടാന്‍ കഴിയുമോ?. സികെ ജാനുവിന്‍റെ എന്‍ഡിഎ നിലപാടിനനനുസരിച്ച് ആദിവാസികള്‍ മുഴുവന്‍ നിലപാടെടുക്കണമെന്നില്ലല്ലോ. എല്ലാ പാര്‍ട്ടികളും ചെയ്യുന്നതേ ഞങ്ങളും ചെയ്യുന്നുള്ളൂ.
? ഇത്രയും ആട്ടും തുപ്പും സഹിച്ച് സികെ ജാനു എന്തിന് ബിജെപിക്കൊപ്പം നില്‍ക്കുന്നു എന്നു ചിലര്‍ ചോദിക്കുന്നുണ്ട്?
ആരാ പറഞ്ഞത് ഇവിടെ ആട്ടും തുപ്പുമുണ്ടായെന്ന്. എന്തായാലും യുഡിഎഫും എല്‍ഡിഎഫും കാണിച്ച ആട്ടും തുപ്പിന്‍റെ ഒരംശം പോലും എന്‍ഡിഎയുടെ ഭാഗത്ത് നിന്ന് കേരളത്തിലെ ആദിവാസി ദളിത് വിഭാഗങ്ങള്‍ അനുഭവിച്ചിട്ടില്ല. ജീവിക്കാന്‍ നിവൃത്തിയില്ലാതെ ഈ വിഭാഗം ഇവിടെ അവഗണന അനുഭവിക്കുന്നതിന്‍റെ ഉത്തരവാദി ആരാണ്. ബിജെപി 5 വര്‍ഷം ഭരിച്ചിട്ട് ഒന്നും ചെയ്‌തില്ലെങ്കില്‍ അപ്പോള്‍ നോക്കാം.
? വയനാട്ടിലെ ആദിവാസി കോളനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരവരുടെ സ്വാധീനത്തിനനുസരിച്ച് കൈപ്പിടിയിലൊതുക്കി രാഷ്ട്രീയവത്കരിക്കുന്നത് ശരിയാണോ?
ഇത് കേരളത്തില്‍ പഠിപ്പിച്ചതാര്? ഇത് യുഡിഎഫും എല്‍ഡിഎഫും ചെയ്‌ത് കാണിച്ചു, ഇപ്പോള്‍ ബിജെപി ചെയ്യുന്നു. കോണ്‍ഗ്രസ്, കോണ്‍ഗ്രസ് കോളനിയും സിപിഎം, സിപിഎം കോളനിയും ഉണ്ടാക്കുമ്പോള്‍ ബിജെപി ബിജെപി കോളനിയുണ്ടാക്കും. അവരുണ്ടാക്കിയാല്‍ ജനാധിപത്യം, ഇവരുണ്ടാക്കിയാല്‍ തെറ്റ് എന്നു പറയുന്നത് എങ്ങനെ ശരിയാകും.
? ആദിവാസികള്‍ക്ക് സ്വന്തമായി മതം വേണമെന്ന് താങ്കളടക്കം പറയുന്നുണ്ടല്ലോ?
ആദിവാസികള്‍ക്ക് സ്വന്തമായി മതമില്ല. ആദിവാസികള്‍ ഗോത്ര രീതികളനുസരിച്ച് ജീവിക്കുന്നവരാണ്. ആദിവാസികള്‍ക്ക് സ്വന്തമായി മതം വേണം. ആ മതത്തിന് ആദിവാസി എന്ന് പേര് നല്‍കണം. 36 ഗോത്രങ്ങളിലുള്ള ആളുകള്‍ സ്വയം ആദിവാസികളെന്ന് അംഗീകരിക്കുന്നവരാണ്.
? ആദിവാസി എന്ന മതത്തിന് ഹിന്ദു തീവ്ര നിലപാടുള്ള ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാകുമോ?
ഹിന്ദു തീവ്ര നിലപാട് എന്നത് ബിജെപിയുടെ കാര്യം. അവരുടെ കാര്യം എനിക്കറിയേണ്ട കാര്യമില്ല. ഞാന്‍ അവരുടെ പ്രസ്ഥാനത്തിലില്ല.
? രാഹുല്‍ ഗാന്ധി കഴിഞ്ഞ 5 വര്‍ഷം എംപിയായത് കൊണ്ട് ആദിവാസി ഗോത്ര സമൂഹങ്ങള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടായതായി കരുതാമോ?
ഒരു നേട്ടവുമുണ്ടായിട്ടില്ല. രാഹുല്‍ഗാന്ധി 5 വര്‍ഷമേ ഇവിടെ എംപിയായിട്ടുള്ളൂ. അതിന് മുന്‍പും ഇവിടെയുള്ള കോണ്‍ഗ്രസ് എംപിമാര്‍ ആയിരുന്നു.
? വന്യ മൃഗ ശല്യം എന്നതിനെ എങ്ങനെയാണ് കാണുന്നത്?
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണം. ഇതിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണം. ഒരാളും വന്യമൃഗത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെടാന്‍ പാടില്ല.