തിരുവനന്തപുരം: തലസ്ഥാനത്ത് കോളറ കേസ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര വഴുതൂരിലെ ശ്രീകാരുണ്യ ഭിന്നശേഷി ഹോസ്റ്റൽ അന്തേവാസിയായ 11കാരനാണ് കോളറ സ്ഥിരീകരിച്ചത്. മറ്റ് 10 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. കഴിഞ്ഞയാഴ്‌ച ഇതേ ഹോസ്റ്റലിലെ 26 വയസുള്ള യുവാവ് കോളറ ലക്ഷണങ്ങളോടെ മരണപ്പെട്ടിരുന്നു. പിന്നാലെയാണ് 11കാരന് കോളറ സ്ഥിരീകരിച്ചത്.
ശ്രീകാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ അനുവാണ് കഴിഞ്ഞയാഴ്‌ച മരണപ്പെട്ടത്. എന്നാൽ അനുവിന്‍റെ സ്രവം ഉൾപ്പടെ പരിശോധിക്കാനായിരുന്നില്ല. കോളറ മൂലമാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ ഇതിൽ വ്യക്തത വരികയുള്ളു.
സംഭവത്തിന് പിന്നാലെ ഇന്ന് രാവിലെ ഹോസ്റ്റലിലെ 6 പേർക്ക് കോളറ ലക്ഷണങ്ങൾ കാണുകയും നെയ്യാറ്റിൻകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഹോസ്റ്റലിലെ അന്തേവാസിയായ 11 വയസുകാരന് കോളറ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്‌ടറും നെയ്യാറ്റിൻകര ആരോഗ്യ വിഭാഗവും ഹോസ്റ്റലിൽ പരിശോധന നടത്തി. സംഭവത്തിൽ മാരായമുട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം. ചികിത്സയിലുള്ള കാരുണ്യ ഹോസ്റ്റലിലെ മറ്റ് അന്തേവാസികളുടെ സാമ്പിളുകളും പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. അതേസമയം അനുവിന്‍റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വെള്ളിയാഴ്‌ച ആയിരുന്നു അനുവിന്‍റെ മരണം സംഭവിക്കുന്നത്. എന്നാൽ തിങ്കളാഴ്‌ച ജനറൽ ആശുപത്രിയിലേക്ക് എത്താൻ ഹോസ്റ്റൽ അധികൃതർ അനുവിന്‍റെ മാതാപിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു എന്ന് മാരായമുട്ടം പൊലീസ് പറഞ്ഞു. അതേസമയം കഴിഞ്ഞ ആറ് മാസത്തിനിടെ ഒമ്പത് പേർക്കാണ് സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത്. 2017ലായിരുന്നു സംസ്ഥാനത്ത് അവസാന കോളറ മരണം സ്ഥിരീകരിച്ചത്.
ALSO READ: പനിച്ച് വിറച്ച് കേരളം; സംസ്ഥാനത്ത് മൂന്ന് മരണം, 42 പേർക്ക് എച്ച്1 എൻ1