ഇടുക്കി: മനുഷ്യ വന്യജീവി സംഘർഷത്തിനും ഭൂ വിഷയങ്ങൾക്കും ശാശ്വത പരിഹാരം നിർദ്ദേശിക്കുന്നവർക്ക് വോട്ട് നൽകുമെന്ന നിലപാടുമായി ചിന്നക്കനാൽ ഭൂസംരക്ഷണസമിതി. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വന്യജീവി ആക്രമണം മുഖ്യവിഷയം അല്ലാതായി എന്നാണ് സമിതിയുടെ ആരോപണം. സ്ഥാനാർഥികൾക്ക് ജനങ്ങളുമായി നേരിട്ട് ചർച്ച നടത്തി തീരുമാനമെടുക്കാം എന്ന് ഭൂസംരക്ഷണസമിതി അറിയിച്ചു.
ഇടുക്കി ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വാക്പോര് മുറുകുമ്പോള്‍, ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ് കര്‍ഷക ജനത. ഭൂ പ്രശ്‌നങ്ങള്‍ക്കും വന്യമൃഗ ശല്യത്തിനും ശാശ്വത പരിഹാരം നിര്‍ദേശിക്കുന്നവര്‍ക്ക് വോട്ടെന്നാണ് ചിന്നക്കനാല്‍ ഭൂ സംരക്ഷണ സമിതി ഉറപ്പിച്ച് പറയുന്നത്. വിവിധ മുന്നണികളുമായി ചര്‍ച്ച നടത്തി, മുന്നണികള്‍ മുന്‍പോട്ടുവയ്ക്കുന്ന പരിഹാര മാര്‍ഗങ്ങള്‍ വിശകലനം ചെയ്‌ത് വോട്ട് രേഖപെടുത്തുമെന്ന് സമിതി പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇടുക്കിയില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു ഭൂ പ്രശ്‌നങ്ങളും വന്യ ജീവി ആക്രമണവും. വിവിധ മുന്നണികള്‍, ഈ വിഷയത്തില്‍ നിലപാടുകള്‍ അറിയിക്കുകയും പരിഹാരം കണ്ടെത്തുമെന്ന പതിവ് പല്ലവികള്‍ ആവര്‍ത്തിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട് മറ്റ് സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കുമെതിരെയുള്ള വാക്‌പോരിലേയ്ക്ക് പ്രചാരണം മാറി.
ഇടുക്കിയിലെ പ്രധാന ജനകീയ പ്രശ്‌നങ്ങള്‍ പ്രധാന ചര്‍ച്ച അല്ലാതായി മാറി. ഇതോടെയാണ് കടുത്ത നിലപാടുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയത്. കുടിയിറക്ക് ഭീഷണി നേരിടുന്ന ചിന്നക്കനാല്‍ സിങ്കുകണ്ടം നിവാസികള്‍ ഭൂ വിഷങ്ങള്‍ക്ക് ശാശ്വത പരിഹാരം നിര്‍ദ്ദേശിയ്ക്കുന്നവര്‍ക്ക് വോട്ടെന്ന നിലപാടിലാണ്.
വിവിധ സ്ഥാനാര്‍ഥികളുമായി ചര്‍ച്ച നടത്തി, കൃത്യമായ പരിഹാര മാര്‍ഗം നിര്‍ദേശിക്കുന്നവര്‍ക്ക് വോട്ട് രേഖപെടുത്തും. ജില്ലയില്‍ കാട്ടാന ശല്യം ഏറ്റവും രൂക്ഷമായ സിങ്കുകണ്ടം, ബി എല്‍റാം, പന്നിയാര്‍, 301 മേഖലകളിലെ, വന്യ മൃഗ ശല്യത്തിന് പരിഹാരവും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഇടുക്കിയിലെ കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിയ്ക്കുന്ന, കൂടുതല്‍ സ്വതന്ത്ര സംഘടനകള്‍ വരും ദിവസങ്ങളില്‍ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.