തിരുവനന്തപുരം: രാജ്യത്ത് ശൈശവ വിവാഹ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളം. 0.8 ശതമാനം പേര്‍ മാത്രമാണ് കേരളത്തില്‍ 18 വയസിന് മുമ്പ് വിവാഹിതരാകുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. 2019-20 വർഷത്തെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 28നാണ് പഠന റിപ്പോര്‍ട്ട് പുറത്ത് വന്നത്.
രാജ്യത്ത് കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് വെസ്റ്റ് ബംഗാളിലാണെന്ന് പഠനങ്ങള്‍ പറയുന്നു. 3.7 ശതമാനം സ്ത്രീകളാണ് സർവേ ഫലം അനുസരിച്ച് വെസ്‌റ്റ് ബംഗാളിൽ 18 വയസിന് മുമ്പ് വിവാഹിതരാകുന്നത്. 45.9 ശതമാനം പേരാണ് വെസ്റ്റ് ബംഗാളില്‍ 20 വയസിനുള്ളിൽ വിവാഹിതരാകുന്നത്. 2.4 ശതമാനമാണ് രാജ്യത്തെ ശരാശരി ശൈശവ വിവാഹ നിരക്ക്. കേരളത്തിലെ സംസ്ഥാന ശരാശരിയേക്കാൾ വളരെ ഉയർന്ന നിരക്കാണിത്.
സ്ത്രീകളുടെ ശരാശരി വിവാഹപ്രായം: ശരാശരി വിവാഹപ്രായത്തിന്‍റെ കണക്കിൽ കേരളം അഞ്ചാം സ്ഥാനത്താണ്. 23.4 വയസാണ് കേരളത്തിലെ പെൺകുട്ടികളുടെ ശരാശരി വിവാഹപ്രായം. ജമ്മു കശ്‌മീർ, പഞ്ചാബ്, ഡൽഹി, ഹിമാചൽ എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം മുൻപന്തിയിൽ. 25.3 ആണ് ജമ്മു കശ്‌മീരിലെ ശരാശരി വിവാഹ പ്രായം. പഞ്ചാബിൽ 24.2, ഡൽഹിയിൽ 24.1 എന്നിങ്ങനെയാണ് ശരാശരി വിവാഹപ്രായമെന്ന് കണക്കുകൾ പറയുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയര്‍ന്ന ശരാശരി വിവാഹ പ്രായം റിപ്പോർട്ട് ചെയ്യുന്നതെന്നും ശ്രദ്ധേയമാണ്.
വിവാഹ പ്രായപരിധി മറ്റ് രാജ്യങ്ങളിൽ: സ്ത്രീകളുടെ നിയമപരമായ വിവാഹ പ്രായപരിധി 18ൽ നിന്നും 21ലേക്ക് പുരുഷന്മാരുടെ വിവാഹപ്രായത്തിന് തുല്യമായി ഉയർത്താനുള്ള ബിൽ ഹിമാചൽ പ്രദേശ് നിയമസഭയിൽ പാസാക്കിയിരുന്നു. നിലവിൽ ഇന്ത്യയുൾപ്പെടെ 143 രാജ്യങ്ങളിൽ സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായപരിധി 18 വയസാണ്. 21 വയസിലേക്ക് ഈ പ്രായം ഉയർത്താനുള്ള ബിൽ 2021ൽ മോദി സർക്കാർ കൊണ്ട് വന്നിരുന്നു. ഇന്തോനേഷ്യ, മലേഷ്യ ഉൾപ്പെടെ 20 രാജ്യങ്ങളിലാണ് നിലവിൽ വിവാഹ പ്രായപരിധി 21 വയസുള്ളത്. എന്തായാലും 2005 മുതൽ 2021 വരെയുള്ള കലയാളവലിൽ വളരെ കുറഞ്ഞ തോതിലാണെങ്കിലും ഇന്ത്യയുടെ ശരാശരി വിവാഹപ്രായം വര്‍ധിച്ചിട്ടുണ്ട്. വിദ്യാഭ്യാസവും സാമൂഹിക സാഹചര്യങ്ങളും മെച്ചപ്പെട്ടതാണ് ഇതിന് കാരണമായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
മാതൃ മരണനിരക്കും അനീമിയയും: 20 വയസിന് മുമ്പ് വിവാഹതിരായ സ്‌ത്രീകളില്‍ മാതൃ മരണ നിരക്ക് കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം പ്രായഭേദമന്യേ സ്ത്രീകളിൽ അനീമിയയുടെ വ്യാപനം വർധിച്ചതായി സർവേ കണ്ടെത്തി. 2019-21ൽ 15-49 വയസ് പ്രായമുള്ള 57 ശതമാനം സ്ത്രീകൾ അനീമിയ ബാധിച്ചവരാണ്. 2015-16ൽ ഇത് 53 ശതമാനം ആയിരുന്നു.
Also Read:പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തി ഹിമാചല്‍ പ്രദേശ്; ബിൽ നിയമസഭ കടന്നു