തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിനിരയായി ആത്മഹത്യ ചെയ്‌ത സിദ്ധാർഥിന്‍റെ മരണത്തിൽ, ഇത്തരം ക്രൂരത എവിടെ നടന്നാലും ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻ കരുതൽ പൊതുവായി സ്വീകരിക്കുമെന്നും നിയമസഭയിലെ ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി പറഞ്ഞു.
സിദ്ധാർഥിന്‍റെ മരണം ദൗർഭാഗ്യകരം. സിദ്ധാർഥിന്‍റെ അച്‌ഛന്‍റെ പരാതി ലഭിച്ചപ്പോൾ തന്നെ കേസ് സിബിഐക്ക് കൈമാറി. അന്വേഷണം വൈകിപ്പിക്കുന്ന നടപടിയൊന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. ആഭ്യന്തര വകുപ്പിൽ നിന്നും സസ്‌പെൻഡ് ചെയ്‌ത ഉദ്യോഗസ്ഥരുടെ വിശദീകരണം കേട്ട ശേഷം ബാക്കി നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റാഗിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. സിദ്ധാർഥിനെതിരെ റാഗിങ് നടന്നുവെന്നും കേസിൽ 12 പേരെ പ്രതി ചേർത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ നടപടിയാണ് ഇതിനെതിരെ സ്വീകരിച്ച് വരുന്നത്. സിദ്ധാർഥിന്‍റെ മാതാപിതാക്കൾ കാണാൻ വന്നിരുന്നു. തനിക്ക് കൈമാറിയ പരാതിയിൽ അമ്മയുടെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
സിബിഐ അന്വേഷണത്തിന് ശുപാർശ കൈമാറാൻ വൈകിയെന്ന് കണ്ടാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. എംഎൽഎമാരായ ടി സിദ്ധിഖ്, എ പി അനിൽ കുമാർ, ഐ സി ബാലകൃഷ്‌ണൻ, ചാണ്ടി ഉമ്മൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ALSO READ : ബാർകോഴ മുതൽ സിഎംആർഎൽ മാസപ്പടി വരെ: സർക്കാരിനെതിരെ ആഞ്ഞടിയ്‌ക്കാന്‍ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്നുമുതല്‍