തൃശൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയമസഭ മണ്ഡലത്തിൻ്റെ അതിർത്തി പ്രദേശത്ത് നിന്നും രേഖകളില്ലാത്ത 25 ലക്ഷം രൂപ പിടികൂടി. പാലക്കാട് കുളപ്പുള്ളി സ്വദേശികൾ സഞ്ചരിച്ച കാറിൽ നിന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്തത്. മതിയായ രേഖകളില്ലാത്ത പണമാണ് പിടകൂടിയതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. അതേസമയം പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ഇലക്ഷൻ സ്ക്വാഡ് പരിശോധന നടത്തിവരികയാണ്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് വാഹനത്തില്‍ കടത്തുകയായിരുന്ന പണം പിടികൂടിയത്. വീട് നിർമാണവുമായി ബന്ധപ്പെട്ടുള്ള സാമഗ്രികള്‍ വാങ്ങുന്നതിനായി ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണമാണിതെന്നാണ് പിടിയിലായവരുടെ വാദം. കൃത്യമായ രേഖകളുണ്ടെന്നും ഇവർ പ്രതികരിച്ചു. നാളെ (നവംബർ 13) തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് തന്നെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പരിശോധന നടക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉപതെരഞ്ഞെടുപ്പിനിടെ കണക്കില്‍പ്പെടാത്ത പണം വ്യാപകമായി കൊണ്ടുവരുന്നുവെന്ന പരാതിക്കിടയിലാണ് പണം പിടിച്ചെടുത്തിരിക്കുന്നത്. ചെറുതുരുത്തിയില്‍ നിന്ന് തൃശൂരിലേക്ക് വരുന്ന വഴിക്കാണ് പണം പിടിച്ചെടുത്തത്. അതേസമയം പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കള്ളപ്പണ കടത്ത് ആരോപണങ്ങൾ ഉണ്ടായിരുന്നെങ്കിലും അനധികൃത പണം കയ്യോടെ പിടികൂടുന്നത് ഇതാദ്യമാണ്.