തൃശൂർ : വിഴിഞ്ഞം പോർട്ട് ട്രയൽ റണ്ണില്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിലൂടെ ജനാധിപത്യ വിരുദ്ധതയാണ് സർക്കാർ കാണിച്ചതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. വിഴിഞ്ഞം തുറമുഖത്തിന്‍റെ ചരിത്രം മായ്ക്കാനാണ് എൽഡിഎഫ് ശ്രമം. വിഴിഞ്ഞം പോർട്ട് ഇന്ന് ഈ കാണുന്ന രീതിയിലായതിൽ ഒരു പാട് പേരുടെ പങ്കുണ്ട്. കെ കരുണാരൻ, എംവി രാഘവൻ, വിഎസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി എന്നിവരെല്ലാം ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
എല്ലാവർക്കും പങ്കുള്ള ഈ ചടങ്ങിൽ കോൺഗ്രസിന്‍റെ പങ്ക് എന്തുകൊണ്ടാണ് സർക്കാർ മറയ്‌ക്കാൻ ശ്രമിക്കുന്നത്. എന്തുകൊണ്ട് പ്രതിപക്ഷ നേതാവിനെ വിളിച്ചില്ല. പ്രതിപക്ഷ നേതാവ് എന്നാല്‍ ഷാഡോ ചീഫ് മിനിസ്‌റ്ററാണ്. അദ്ദേഹത്തെ വിളിക്കാത്തതിലൂടെ ജനാധിപത്യ വിരുദ്ധതയുടെ സമീപനമാണ് സർക്കാർ എടുത്തിരിക്കുന്നത്. അദ്ദേഹത്തെ വിളിച്ചാൽ അദ്ദേഹം ചില യാഥാർഥ്യങ്ങൾ പറയും, അത് ചരിത്രത്തിന്‍റെ ഭാഗമാകും, അത് തിരുത്താനും മായ്‌ക്കുവാനും വേണ്ടിയാണ് ഈ സമീപനം ഉണ്ടായത് എന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു.
യുഡിഎഫ് സർക്കാർ തറക്കല്ല് ഇടുക മാത്രമാണ് ചെയ്‌തത് എന്നാണ് എൽഡിഎഫ് പ്രചാരണം. അങ്ങനെയെങ്കിൽ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് തറക്കല്ലിട്ട കോഴിക്കോട് തിരുവനന്തപുരം മെട്രോകൾ എന്തുകൊണ്ട് യാഥാർഥ്യമായില്ല എന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ മനസിൽ എല്ലാം ഉണ്ട്. ആരുടെ പങ്കും തിരസ്‌കരിക്കുന്നത് ശരിയല്ല. ഈ സർക്കാരിനും വിഴിഞ്ഞതിൽ പങ്കുണ്ട്. വിഴിഞ്ഞം പൂർത്തിയാക്കിയതിൽ എൽഡിഎഫിന് അഭിനന്ദനം എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.