കുട്ടനാട് (ആലപ്പുഴ): വള്ളംകളി മത്സരങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചമ്പക്കുളം മൂലം ജലോത്സവം ചമ്പക്കുളത്ത് പമ്പയാറ്റിൽ നാളെ (ജൂലൈ 22) നടക്കും. ആറ് ചുണ്ടൻ വള്ളങ്ങൾ, രണ്ട് വെപ്പ് ബി ഗ്രേഡ് വള്ളങ്ങൾ എന്നിവയുൾപ്പെടെ എട്ട് വള്ളങ്ങളാണ് ഇക്കുറി പങ്കെടുക്കുക. രാവിലെ 11.30 ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികാരികൾ ആചാരാനുഷ്‌ഠാനങ്ങൾ നടത്തും.
1.30 ന് കലക്‌ടർ അലക്‌സ് വർഗീസ് പതാക ഉയർത്തും. മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് അസി കമ്മിഷണർ ആർ ശ്രീശങ്കറും കല്ലൂർക്കാട് സെൻ്റ് മേരീസ് ബസിലിക്ക റെക്‌ടർ ഫാദർ ഗ്രിഗറി ഓണംകുളവും ചേർന്ന് ദീപം തെളിയിക്കും. കെ കെ ഷാജു എക്‌സ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.
2.30 ന് മാസ് ഡ്രിൽ. വർഗീസ് ജോസഫ് വല്യാക്കൽ മാസ്റ്റർ ഓഫ് സെറിമണിയാകും. പി ആർ പദ്‌മകുമാർ പ്രതിജ്ഞയ്ക്കു നേതൃത്വം നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്യും. മൂന്ന് മണിക്ക് മത്സരങ്ങൾ തുടങ്ങും.
3.40 ന് സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും. 4.50 ന് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരം. അഞ്ച് മണിക്ക് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കും.
Also Read: കോഴിക്കോടിന് ഇനി മത്സര ദിനങ്ങള്‍: 10ാമത് മലബാർ റിവർ ഫെസ്റ്റിന് നാളെ തുടക്കം