ചാലക്കുടിയില്‍ ആരുടെ കൊടി ഉയര്‍ന്ന് പറക്കും?. യുഡിഎഫ് കോട്ടയായിരുന്നു മുകുന്ദപുരം. അത് രൂപം മാറി ചാലക്കുടിയായപ്പോള്‍ യുഡിഎഫിനൊപ്പം എല്‍ഡിഎഫിനും നേട്ടം നല്‍കി. എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, കുന്നത്തുനാട്, പെരുമ്പാവൂര്‍ തൃശൂരിലെ ചാലക്കുടി, കൈപ്പമംഗലം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളും ചേരുന്നതാണ് ഇപ്പോഴത്തെ ചാലക്കുടി മണ്ഡലം. രാഷ്‌ട്രീയത്തിലെ പല കരുത്തന്മാരും വാഴുകയും വീഴുകയും ചെയ്‌ത ചാലക്കുടി മണ്ഡലത്തില്‍ നിന്നും ഇത്തവണ ആരാകും ലോക്‌സഭയിലേക്ക് എത്തുക എന്നത് പ്രവചിക്കുക അസാധ്യം.
മണ്ഡലത്തിന്‍റെ പൊതുമനസ് ഇപ്പോഴും തങ്ങള്‍ക്കൊപ്പമാണ് എന്ന വിശ്വാസത്തിലാണ് യുഡിഎഫ്. അതുകൊണ്ടാണ് സിറ്റിങ് എംപി ബെന്നി ബെഹനാനെ തന്നെ അവര്‍ വീണ്ടും കളത്തിലിറക്കിയത്. വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മണ്ഡലത്തില്‍ ഐക്യജനാധിപത്യമുന്നണിയുടെ വോട്ടുപിടിത്തം.
യുഡിഎഫ് തരംഗത്തില്‍ കൈവിട്ടുപോയ മണ്ഡലം തിരികെ പിടിക്കാൻ സി രവീന്ദ്രനാഥിനെപ്പോലെ ജനപ്രീതിയുള്ള ഒരാളെയാണ് എല്‍ഡിഎഫ് മത്സരിപ്പിച്ചത്. സാധാരണക്കാരന്‍റെ ഇമേജുള്ള രവീന്ദ്രനാഥിന്‍റെ ഭരണരംഗത്തെ മികവും എടുത്ത് പറയേണ്ട ഒന്നാണ്. തെരഞ്ഞെടുപ്പില്‍ യാക്കോബായ സഭയുടെ പരോക്ഷ പിന്തുണ ലഭിച്ചതും ഇടതുപാളയത്തിലെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.
എന്‍ഡിഎയ്‌ക്കായി ബിഡിജെഎസിന്‍റെ കെഎ ഉണ്ണികൃഷ്‌ണനായിരുന്നു മത്സരരംഗത്ത്. മണ്ഡലത്തില്‍ ട്വിസ്റ്റുണ്ടാക്കാൻ പോന്നതാണ് ട്വന്‍റി 20യുടെ സാന്നിധ്യം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 60000-ല്‍ അധികം വോട്ടുകാളായിരുന്നു ട്വന്‍റി 20 പെട്ടിയിലാക്കിയത്. ഇതിനൊപ്പം ആലുവ, അങ്കമാലി എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്കും സുപരിചിതനായ ചാര്‍ലി പോളിനെ കളത്തിലിറക്കി പോരാട്ടം കടുപ്പിക്കാനും ട്വന്‍റി 20യ്‌ക്കായി. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടം മുറുകുമ്പോള്‍ മണ്ഡലത്തില്‍ നിന്നും ട്വന്‍റി 20 എത്ര വോട്ട് നേടും എന്നതും വിജയത്തെ നിര്‍ണയിക്കുന്ന ഘടകമായി മാറും.
അതേസമയം, പോളിങ് ശതമാനത്തില്‍ ഇത്തവണ പത്ത് ശതമാനത്തോളം ഇടിവാണ് മണ്ഡലത്തിലുണ്ടായിരിക്കുന്നത്. 2019ല്‍ 80.51 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണ ആകെ പോള്‍ ചെയ്യപ്പെട്ടത് 71.94 ശതമാനം വോട്ടാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 | |
ആകെ വോട്ടര്‍മാര്‍ | 1310529 |
പോള്‍ ചെയ്‌ത വോട്ട് | 942787 |
പോളിങ് ശതമാനം | 71.94% |
ലോക്‌സഭ തെരഞ്ഞെടുപ്പ് 2019 | |
ആകെ വോട്ടര്‍മാര്‍ | 1230197 |
പോള്‍ ചെയ്‌ത വോട്ട് | 990433 |
പോളിങ് ശതമാനം | 80.51% |