ആലപ്പുഴ: ചരിത്ര പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഭക്തജനലക്ഷങ്ങൾ പൊങ്കാല അർപ്പിച്ചു. പൊങ്കാല ചടങ്ങിൽ പങ്കെടുക്കാൻ സംസ്ഥാനത്തിനകത്തും പുറത്തുനിന്നും ഭക്തർ ചക്കുളത്തുകാവിൽ എത്തിച്ചേർന്നു. ക്ഷേത്രത്തിന് 70 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല കലങ്ങൾ നിരന്നു. തകഴി-തിരുവല്ല- കോഴഞ്ചേരി, ചെങ്ങന്നുര്‍-പന്തളം, എടത്വ- മുട്ടാർ, നീരേറ്റുപുറം-കിടങ്ങറ, പൊടിയാടി-മാന്നാര്‍-മാവേലിക്കര, എടത്വ-ഹരിപ്പാട് എന്നീ പ്രധാന റോഡുകളിലും ഇടവഴികളിലുമായാണ് പൊങ്കാല അടുപ്പുകള്‍ നിരന്നത്.
3000 ഓളം ക്ഷേത്ര വളണ്ടിയര്‍മാരും 1000ഓളം പൊലീസ്, ഫയർഫോഴ്‌സ്, എക്സൈസ് ഉദ്യോഗസ്ഥരും പൊങ്കാല സ്ഥലങ്ങളുടെ സുരക്ഷ ക്രമീകരങ്ങൾ ഏറ്റെടുത്തിരുന്നു. പത്തനാപുരം ഗാന്ധിഭവനിലേക്കുള്ള യാത്രയ്ക്കിടെ ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദ ബോസ് ചെങ്ങന്നുരിന് സമീപം ചക്കുളത്തുകാവ് പൊങ്കാലയ്ക്കായി തയ്യാറായി നിന്ന ഭക്ത ജനങ്ങളുമായി സംസാരിച്ചു.
തൃക്കാര്‍ത്തിക ദിനത്തിലെ പൊങ്കാലയുടെ പുണ്യം നുകരാന്‍ നാടിന്‍റെ നാനാ ഭാഗത്ത് നിന്നും തീർഥാടകർ ബുധനാഴ്‌ച മുതലേ ചക്കുളത്തുകാവിലേക്ക് ഒഴുകിയെത്തിയിരുന്നു. മൂന്ന് ദിവസവും ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് ദേവിക്ക് നേദ്യം സമർപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പുലര്‍ച്ചെ 4ന് നിര്‍മ്മാല ദര്‍ശനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് അഷ്‌ടദ്രവ്യ മഹാഗണപതി ഹോമവും 9.30ന് വിളിച്ചുചൊല്ലി പ്രാര്‍ഥനയും നടന്നു. 10.30ന് ക്ഷേത്ര മാനേജിങ് ട്രസ്‌റ്റി മണിക്കുട്ടന്‍ നമ്പൂതിരി ദേവിയെ ക്ഷേത്ര ശ്രീകോവിലിൽ നിന്ന് എഴുന്നള്ളിച്ച് പൊങ്കാല പണ്ഡാര അടുപ്പിന് സമീപം എത്തിച്ചു. തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും മുഖ്യ കാര്യദര്‍ശി രാധാകൃഷ്‌ണന്‍ നമ്പൂതിരി പകര്‍ന്ന ദീപം പണ്ടാര പൊങ്കാല അടുപ്പിലേക്ക് പകര്‍ന്നതോട പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു.
പണ്ടാര പൊങ്കാല അടുപ്പില്‍ നിന്ന് ഭക്തര്‍ നേദ്യ അടുപ്പുകളിലേക്ക് തീ പകര്‍ത്തി. ഇതോടെ പ്രദേശം യാഗഭൂമിയായി മാറി. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ നേത്യത്വത്തില്‍ രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടത്തിയത്.
പൊങ്കാലയ്ക്ക് മുന്നോടിയായി നടന്ന ഭക്തജനസംഗമം രാധിക സുരേഷ് ഗോപിയും ഗോകുൽ സുരേഷ് ഗോപിയും ചേർന്ന് ഉദ്ഘാടനം ചെയ്‌തു. ആർസി ചാരിറ്റബിൾ ട്രസ്‌റ്റ് ചെയർമാനും പ്രമുഖ സമൂഹിക പ്രവർത്തകനുമായ റെജി ചെറിയാൻ മുഖ്യാതിഥ്യം വഹിച്ചു. ബിജെപി ജില്ല അധ്യക്ഷൻ എംവി ഗോപകുമാർ, രമേശ് ഇളമൺ നമ്പൂതിരി, മീഡിയ കോഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡൻ്റ് രാജീവ് എംപി, സെക്രട്ടറി പികെ സ്വാമിനാഥൻ എന്നിവർ പങ്കെടുത്തു.
നിവേദ്യം പാകപ്പെടുത്തിയതിന് ശേഷം 500ല്‍ പരം വേദപണ്ഡിതന്മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിച്ചു. പൊങ്കാല നേദ്യത്തിനു ശേഷം പ്രസിദ്ധമായ ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടന്നു.
Also Read: ചക്കുളത്തു കാവ് പൊങ്കാല: ശുചീകരണത്തിന് ജൈവ വട്ടികളുമായി ഹരിതകർമ്മസേന