തിരുവനന്തപുരം : ലൈഫ് ഭവന പദ്ധതിയിൽ നിർമ്മിക്കുന്ന വീടുകളിൽ കേന്ദ്ര സർക്കാരിന്‍റെ ബോർഡും ലോഗോയും വയ്ക്കില്ലെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. വീട് അവകാശമാണ്. ബോർഡ് വയ്‌ക്കില്ലെന്ന് കത്തയച്ചിട്ടും കേന്ദ്രം മറുപടി തരുന്നില്ല. നവകേരള സദസ് നടത്തിയതുകൊണ്ട് ജനങ്ങൾക്ക് കണക്കൊക്കെ കൃത്യമായി അറിയാം. ബിജെപിയുടെ വ്യാജ പ്രചരണം ജനം തടയുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,71,934 വീടുകൾ പൂർത്തിയാക്കി. 17,084 കോടി ചെലവഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇലക്‌ടറല്‍ ബോണ്ടിൽ സുപ്രീംകോടതി വിധി മന്ത്രി സ്വാഗതം ചെയ്തു. വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് നിയമപോരാട്ടം നടത്തിയത്. സിപിഎം നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും എംബി രാജേഷ് പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജനയിൽ(പി.എം.എ.വൈ) അനുവദിക്കുന്ന സഹായധനവും ലൈഫിൽ ചെലവഴിക്കുന്നതിനാൽ പി.എം.എ.വൈ പദ്ധതിയുടെ ലോഗോയും പേരും ലൈഫ് വീടുകളിൽ പതിക്കണമെന്ന് കേന്ദ്രം നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം ഈ വർഷത്തെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളിൽ കൊട്ടാരക്കരയിൽ നടക്കും. ചടങ്ങിൽ മന്ത്രി അധ്യക്ഷത വഹിക്കും. ഫെബ്രുവരി 19ന് രാവിലെ 11.30ന് കൊട്ടാരക്കര ജൂബിലി ഹാളിൽ തദ്ദേശ ദിനാഘോഷത്തിന്‍റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാർഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്യും. പദ്ധതികളുടെ വിലയിരുത്തലും, ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണവും ഉള്‍പ്പടെയുള്ളവ രണ്ട് ദിവസം നീളുന്ന തദ്ദേശ ദിനാഘോഷത്തിൽ നടത്തും.
മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി ജില്ല പഞ്ചായത്ത് തലത്തിൽ തിരുവനന്തപുരം നേടി. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നീലേശ്വരം പെരുമ്പടപ്പ്, വൈക്കം എന്നിവ നേടി. ഗ്രാമ പഞ്ചായത്ത് തലത്തിൽ വലിയപറമ്പും മുനിസിപ്പാലിറ്റി വിഭാഗത്തില്‍ ഗുരുവായൂർ നഗരസഭയും കരസ്ഥമാക്കി. മുനിസിപ്പൽ കോർപറേഷൻ തലത്തിൽ തിരുവനന്തപുരത്തിനുമാണ് ഒന്നാം സ്ഥാനം.