കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻചാലിൽ പുലികൾ കൂട്ടമായി ഇറങ്ങിയതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു (Video Footage of Leopards in Kodancheri). ഇരുവഞ്ഞിപ്പുഴയിലെ ആനക്കാംപൊയിൽ പദ്ധതി പ്രദേശത്താണ് ഇന്നലെ വൈകുന്നേരം പുലികൾ ഇറങ്ങിയത്. പുലികൾ സഞ്ചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ജലവൈദ്യുത പദ്ധതി പവർഹൗസിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞു (CCTV Visuals of leopards).
ആദ്യ വീഡിയോയിൽ പുലി ജലവൈദ്യുത പദ്ധതി പ്രദേശത്ത് ഇറങ്ങുകയും പിന്നീട് തിരിച്ചു പോവുകയും ചെയ്യുന്നതും രണ്ടാമത്തെ വീഡിയോയിൽ ഒരു പുലിയും രണ്ടു കുട്ടികളും കടന്നുപോകുന്ന ദൃശ്യങ്ങളുമാണ് പതിഞ്ഞത് (leopards in Kodancheri). ആദ്യ വീഡിയോയിൽ കണ്ട പുലി തന്നെയാണ് കുട്ടികളുമായി മടങ്ങിയതെന്നാണ് സൂചന. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുലിയുടെ തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
പുലി സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ പ്രദേശത്ത് വനം വകുപ്പ് ദ്രുത കർമ്മ സേനയും സെക്ഷൻ ഓഫിസ് ജീവനക്കാരും ഉൾപ്പെടെയുള്ളവർ രാത്രികാല പട്രോളിങ് നടത്തുമെന്ന് താമരശ്ശേരി ആർഎഫ്ഒ പി വിമൽ അറിയിച്ചു. ദ്രുതകർമ്മ സേനയും എടത്തറ സെക്ഷനിലെ വാനപാലകരും പ്രദേശത്ത് ഇന്നലെ (ഫെബ്രുവരി 22) പരിശോധന നടത്തി. നേരത്തെ പ്രദേശത്തെ വാഴ കർഷകന്‍റെ രണ്ട് വളർത്തുന്ന നായകളെ കാണാതായിരുന്നു.
കൂടാതെ, മറ്റൊരു നായക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പുലി ആക്രമിച്ചത് ആകാമെന്നാണ് നാട്ടുകാർ ഇപ്പോൾ കരുതുന്നത് (leopard attack). പദ്ധതി പ്രദേശത്തിന് സമീപത്തായി വീടുകൾ ഇല്ലാത്തതിനാൽ പുലിയെ ആരും നേരിട്ട് കണ്ടതായി സൂചനയില്ല.
ഇരുവഞ്ഞിപ്പുഴയിൽ (Iruvanjippuzha) പ്രവർത്തിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ മുകൾഭാഗത്തുള്ള വനപ്രദേശം എടത്തറ സെക്ഷന് (Edathara section forest) കീഴിലുള്ളതാണ്. കോടഞ്ചേരി പഞ്ചായത്തിലെ കലന്തറമേട്, മൈക്കാവ് പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങൾ പുലി എന്ന് തോന്നിക്കുന്ന മൃഗത്തെ കണ്ടതായി പ്രദേശവാസികൾ അറിയിച്ചു. കണ്ടപ്പൻചാലിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് അരിപ്പാറ, നാരങ്ങാത്തോട്, തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രങ്ങൾ. ഇവിടങ്ങളിളും പുലി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ഇവിടെയെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതരും കോടഞ്ചേരി ഗ്രാമപഞ്ചായത്തും അറിയിച്ചു. ഇന്ന് രാവിലെ മുതൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുലിയെ കണ്ടെത്തിയ പ്രദേശങ്ങളിൽ ഊർജിത പരിശോധന നടത്തും.
Also Read : കനാൽ പൈപ്പിൽ കുടുങ്ങിയ പുള്ളിപ്പുലിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി