കണ്ണൂര്‍: ഇത് കശുമാവ് പൂവിടേണ്ട സമയം. എന്നാൽ കണ്ണൂരിലെ കശുവണ്ടി കര്‍ഷകർക്ക് ഇത് കണ്ണീര്‍ കാലം. കാലം തെറ്റി പെയ്‌ത മഴ കശുവണ്ടി കര്‍ഷകരുടെ പ്രതീക്ഷകള്‍ കരിച്ചു കളഞ്ഞു (Cashew farmers in Kannur are in crisis).
കശുമാവിന്‍റെ പൂക്കൾ വിരിയുന്ന സമയമായിട്ടും, പൂക്കള്‍ കരിഞ്ഞുണങ്ങിയ കാഴ്‌ചയാണ് കര്‍ഷകര്‍ക്ക് കാണേണ്ടി വരുന്നത്. പൂക്കള്‍ വീണടിഞ്ഞ് തളിര്‍ നാമ്പുകളായി മാറുകയാണ്. പ്രതീക്ഷിച്ച വിളവിന്‍റെ പത്ത് ശതമാനം പോലും ഇത്തവണ കര്‍ഷകര്‍ക്ക് ലഭിക്കില്ല.
ശക്തമായ മഴയില്‍ വിരിഞ്ഞ കശുവണ്ടിയും കർഷർക്ക് വില്‍ക്കാനാവില്ല. മഴയില്‍ പരിപ്പ് കേടുവന്ന് പൂപ്പല്‍ പിടിക്കും. മറ്റ് കൃഷി കൂടി ചെയ്യുന്ന കര്‍ഷകര്‍ക്ക് കശുമാവില്‍ നിന്നുളള വിളവാണ് പ്രതീക്ഷ നല്‍കിയിരുന്നത്.
എന്നാൽ ഇത്തവണ ആ പ്രതീക്ഷയും പൊലിഞ്ഞു (Insufficient yield for cashew nuts in Kannur). കര്‍ഷകന്‍റെ കണക്കു കൂട്ടലുകളെല്ലാം കാലാവസ്ഥാ വ്യതിയാനം മൂലം തകര്‍ന്നു പോയിരിക്കയാണ്. കശുമാവിൽ തടിതുരപ്പന്‍ പുഴുവിന്‍റെ ആക്രമവും ഇപ്പോള്‍ വ്യാപകമാവുകയാണ്.
തടി വേരോട് ചേരുന്ന ഭാഗത്ത് ബാധിക്കുന്ന ഈ രോഗം മൂലം കശുമാവ് തന്നെ നശിച്ചു പോവുന്ന അവസ്ഥയാണ്. ഈ കീട രോഗവും കര്‍ഷകന് ഇരുട്ടടിയായി മാറിക്കൊണ്ടിരിക്കയാണ്. വാഴയും തെങ്ങും കപ്പയുമെല്ലാം വന്യ ജീവികള്‍ പറിച്ചെറിയുന്ന മലയോര മേഖലയിലാണ് കശുമാവ് ഉപജീവനമാക്കിയ കര്‍ഷകരുള്ളത്.
എന്നാല്‍ ഇതിന് ഒരു ചെറു പരിഹാരമെന്നോണം കശുവണ്ടിയിലായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. ഏഷ്യയിലെ ഏറ്റവും ഗുണമേന്മയുളള കശുവണ്ടി ലഭിക്കുന്നത് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി മേഖലയിലാണ്. അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളില്‍ മികച്ച ഇനം കശുമാവുകള്‍ വ്യാപകമായി നട്ടു വളര്‍ത്തിയിരുന്നു.
മറ്റു കാര്‍ഷിക വിഭവങ്ങള്‍ക്ക് വിലക്കുറവ് നേരിടുമ്പോഴും കർഷകർക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത് വേനല്‍ക്കാലത്തെ ജനുവരി മുതലുള്ള നാല് മാസക്കാലമാണ്. എന്നാല്‍ ഈ വര്‍ഷം എല്ലാം താളം തെറ്റി. ടണ്‍കണക്കിന് കശുവണ്ടി വിപണനം നടക്കേണ്ട സമയമായിട്ടും ഇനിയും സംഭരണം നടത്താനുള്ള കശുവണ്ടി എവിടേയും എത്തിയിട്ടില്ല.
സാധാരണ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പൂക്കുന്ന കശുമാവില്‍ നിന്നും ജനുവരി തീരും മുമ്പ് കശുവണ്ടി വില്‍ക്കാനാകും. മാര്‍ക്കറ്റില്‍ സംഭരണ കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ ഇത്തവണ സംഭരണത്തിനും ആരും രംഗത്ത് വന്നിട്ടില്ല.
മഴ മാറിയെങ്കിലും ഇനി കശുമാവ് പൂത്താല്‍ പോലും കര്‍ഷകര്‍ക്ക് യാതൊരു നേട്ടവുമുണ്ടാകില്ല. കാരണം ഇപ്പോള്‍ പൂക്കുന്ന പൂക്കുലകള്‍ വിരിഞ്ഞ് കായ് പിടിക്കുമ്പോഴേക്കും വേനല്‍ മഴയെത്തും. അതോടെ വിളഞ്ഞ കശുവണ്ടിക്ക് മാര്‍ക്കറ്റ് ഉണ്ടാവില്ല.
മഴയില്‍ കുതിര്‍ന്ന കശുവണ്ടി കേടാവുകയും ചെയ്യും. അതിനാല്‍ കശുവണ്ടി കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാറുകള്‍ നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.