എറണാകുളം: ആർഎൽവി രാമകൃഷ്‌ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമ കീഴടങ്ങണമെന്ന് ഹൈക്കോടതി. സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്. ആർഎൽവി രാമകൃഷ്‌ണനെ ജാതീയമായി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ടെടുത്ത കേസിൽ സത്യഭാമയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചു കൊണ്ടാണ് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം നൽകിയത്.
ഒരാഴ്‌ചക്കുളളിൽ തിരുവനന്തപുരത്തെ എസ്‌സി, എസ്‌ടി കോടതിയിൽ കീഴടങ്ങണം. അന്നേദിവസം തന്നെ കീഴ്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണം എന്നിങ്ങനെയാണ് സിംഗിൾ ബെഞ്ചിന്‍റെ നിർദേശങ്ങൾ. സത്യഭാമയുടെ പരാമർശം നടത്തിയത് പരാതിക്കാരനുൾപ്പെടുന്ന പ്രത്യേക സമുദായത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടു കൂടിയായിരുന്നുവെന്ന് നേരത്തെ ഹൈക്കോടതി വാക്കാൽ വ്യക്തമാക്കിയിരുന്നു.
നിറത്തെ സംബന്ധിച്ച പരാമർശവും പരോക്ഷമായി പരാതിക്കാരന്‍റെ ജാതിയെക്കുറിച്ച് പറയുന്നതിന് വേണ്ടിയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടിയിരുന്നു. പൊതു ഇടത്തിൽ അപമാനിച്ചിട്ടില്ലെന്നും, പേരെടുത്ത് പറഞ്ഞല്ലാ പരാമർശം നടത്തിയതെന്നും എസ്‌സി, എസ്‌ടി നിയമ പ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ വാദം. കീഴ്‌ക്കോടതി മുൻകൂർ ജാമ്യാവശ്യം തള്ളിയതിനെ തുടർന്നാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്.
ALSO READ: ആദ്യ ദിനം സഭ അടിച്ചു പിരിഞ്ഞു, രണ്ടാം ബാർ കോഴയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു