എറണാകുളം: ട്വന്‍റി ട്വന്‍റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബിനെതിരെ കേസെടുത്ത് പൊലീസ്. എംഎൽഎ പി. വി. ശ്രീനിജനെതിരെ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് കേസ് റജിസ്‌റ്റർ ചെയ്‌തത് (Case against Sabu M Jacob over his abusive remarks on MLA PV Sreenijan). സിപിഎം പ്രവർത്തകനായ ജോഷിയുടെ പരാതിയിലാണ് കേസ്.
കുന്നത്ത് നാട് എംഎൽഎ പി. വി. ശ്രീനിജനെതിരെ സാബു ജേക്കബ് നടത്തിയ അധിക്ഷേപകരമായ പ്രസംഗം സമൂഹത്തിൽ കലാപത്തിന് കാരണമാകുമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഇതിൽ കഴമ്പുണ്ടന്ന് കണ്ടെത്തിയാണ് പൊലീസ് നടപടികളിലേക്ക് കടന്നത്. എറണാകുളം പുത്തൻകുരിശ് പൊലീസാണ് സാബുവിനെതിരെ കേസെടുത്തത്.
അതേസമയം സാബു എം ജേക്കബിനെതിരെ കുന്നത്ത് നാട് എം. എൽ. എ പി വി ശ്രീനിജൻ ഉൾപ്പെടെ നൽകിയ മറ്റു മൂന്ന് പരാതികൾ പൊലീസിൻ്റെ പരിഗണനയിലാണ്. ജാതീയമായി അധിക്ഷേപിച്ച സാബു ജേക്കബിനെതിരെ പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ഈ പരാതികളിലെ ആവശ്യം. പുത്തൻകുരിശ് ഡി വൈ എസ് പി ക്കാണ് എം.എൽ.എ പരാതി നൽകിയത്.
ട്വന്‍റി ട്വന്‍റി പൊതു സമ്മേളനത്തിൽ സാബു ജേക്കബ് നടത്തിയ പ്രസംഗമാണ് പരാതിക്ക് കാരണമെന്നാണ് എം എൽ എ പരാതിയിൽ വ്യക്തമാക്കിയത്. കഴിഞ്ഞ ഞായറാഴ്‌ച (ജനുവരി 21) വൈകീട്ട് 5.30ന് കോലഞ്ചേരി സെൻ്റ് പീറ്റേർസ് കോളേജ് ഗ്രൗണ്ടിൽ വെച്ചു നടന്ന സമ്മേളനത്തിലാണ് സാബു എം ജേക്കബ് കേസിനാസ്‌പദമായ അധിക്ഷേപം നടത്തിയത്.
പി വി ശ്രീനിജന്‍റെ പരാതി ഇങ്ങനെ: "ഒരു നിയമസഭാംഗം എന്ന നിലയിലും രാജ്യത്തെ ഒരു പൗരനെന്ന നിലയിലും ഔദ്യോഗികമായി ഞാൻ നിർവഹിക്കേണ്ട ചുമതലകൾ നിർവഹിക്കാൻ കഴിയാത്ത തരത്തിൽ, എന്നെ ജാതീയമായും വംശീയമായും അധിക്ഷേപിച്ച് പ്രസംഗിക്കുകയുണ്ടായി. ഹിന്ദു -പുലയ സമുദായാംഗമായ ഞാൻ ഒരു പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന വ്യക്തിയാണെന്ന ബോധ്യത്തോട് കൂടി, ക്രിസ്‌ത്യൻ വിഭാഗത്തിൽപ്പെടുന്ന സാബു എം ജേക്കബ് എന്നെ 'കാട്ടുമാക്കാൻ', 'പ്രത്യുൽപാദന ശേഷിയില്ലാത്തവൻ' 'മനുഷ്യനും മൃഗവുമല്ലാത്ത ജന്തു' എന്നിങ്ങനെയുള്ള തരത്തിൽ നിരവധി ജാതീയവും വംശീയവുമായ അധിക്ഷേപങ്ങളാണ് അന്നത്തെ പ്രസംഗത്തിൽ നടത്തിയിട്ടുള്ളത്". സാബു എം ജേക്കബിന്‍റെ വാക്കുകൾ തനിക്ക് മാനഹാനിയും മനോവേദനയും ഉണ്ടാക്കിയിട്ടുള്ളതാണെന്ന് പി .വി ശ്രീനിജൻ പരാതിയിൽ ചൂണ്ടികാണിച്ചു.
1989 ലെ പട്ടികജാതി-പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും സാബു എം ജേക്കബിനും അന്ന് വേദിയിൽ ഉണ്ടായിരുന്ന കണ്ടാലറിയാവുന്ന വ്യക്തികൾക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് മറ്റ് രണ്ട് പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പരാതി പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചത്.
ഈ പരാതികളിൽ ദളിത് പീഡന നിരോധന നിയമം ബാധകമാവുമോയെന്ന് പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. നേരത്തെയും പി.വി. ശ്രീനിജനെ അധിക്ഷേപിക്കുകയും സാമൂഹ്യമായി ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്‌ത സംഭവത്തിൽ സാബു ജേക്കബിനെതിരെ പോലിസ് കേസെടുത്തിരുന്നു.