തിരുവനന്തപുരം: മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും ബാലുശ്ശേരി എംഎല്‍എയുമായ സച്ചിന്‍ദേവിനുമെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രതികള്‍ക്ക് എതിരെ ഐപിസി 353, 447, 341, 294ബി, 201, 34, മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് 177 എന്നീ വകുപ്പുകള്‍ ചുമത്തി.
മേയറും സംഘവും കാര്‍ സീബ്ര ലൈനില്‍ കയറ്റി ബസിന് കുറുകെയിട്ട് തടഞ്ഞുവെന്നും സച്ചിന്‍ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും എഫ്‌ഐആറിലുണ്ട്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദുവിനെ അസഭ്യം പറഞ്ഞു, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നിന്നു, ബസിലെ സിസിടിവി ക്യാമറയുടെ ഡിവിആര്‍ യുണിറ്റിലെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ച് കളഞ്ഞുവെന്നും എഫ്‌ഐആര്‍ സൂചിപ്പിക്കുന്നു.
ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയതിനാല്‍ സംഭവത്തില്‍ മേയര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളും അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യം തേടാന്‍ സാധ്യതയുണ്ട്.