കോഴിക്കോട് : ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ മുടങ്ങിയതോടെ സാധാരണക്കാരായ രോഗികൾ ദുരിതത്തിൽ. ആയിരക്കണക്കിന് രോഗികളുടെ ആശ്രയകേന്ദ്രമായ ആശുപത്രിയില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ കഴിഞ്ഞ ഒരു മാസത്തോളമായി മുടങ്ങിക്കിടക്കുകയാണ്.
ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്‌ത വകയിൽ കോടികള്‍ കുടിശ്ശിക വന്നതോടെ കമ്പനി സ്റ്റെന്‍റ് ഉള്‍പ്പടെയുള്ളവ നല്‍കുന്നത് നിർത്തിവച്ചതാണ് ശസ്ത്രക്രിയകൾ മുടങ്ങാൻ കാരണം. കോഴിക്കോട് ബീച്ചാശുപത്രിയിലെ കാത്ത് ലാബ് പ്രവർത്തിക്കുന്നുണ്ട്. എന്നാല്‍ വിരലിൽ എണ്ണാവുന്ന ആൻജിയോഗ്രാമല്ലാതെ മറ്റൊന്നും ഇപ്പോള്‍ നടക്കുന്നില്ല.
അവസാനമായി കഴിഞ്ഞ മാസമാണ് ആശുപത്രിയിലെ കാത്ത് ലാബില്‍ ആൻജിയോ പ്ലാസ്റ്റി നടന്നത്. അതിനുശേഷം ആൻജിയോപ്ലാസ്റ്റി, പേസ്മേക്കർ ശസ്ത്രക്രിയ ഉള്‍പ്പടെ ഹൃദ്രോഗത്തിന്‍റെ ഭാഗമായുള്ളവയൊന്നും നടത്തുന്നില്ല. ആശുപത്രിയിലെ ഇത്തരത്തിലുള്ള ചികിത്സാസംവിധാനങ്ങൾ മുടങ്ങിയതോടെ ഇവിടെയെത്തുന്ന പാവപ്പെട്ട രോഗികൾ ഉൾപ്പടെയുള്ളവർ ഏറെ പ്രതിസന്ധിയിലാണ്. അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പ് അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നതാണ് രോഗികളുടെ ആവശ്യം.