കോഴിക്കോട് : പന്തീരാങ്കാവിനടുത്ത് നാഷണൽ ഹൈവേ 66 ൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ അഞ്ചുപേർക്കാണ് പരിക്കേറ്റത്. രണ്ട് കുട്ടികളും രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
രാവിലെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. കണ്ണൂരിൽ നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് പോവുകയായിരുന്ന കാറും കോയമ്പത്തൂരിൽ നിന്നും മാഹിയിലേക്ക് കോഴിയുമായി വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പന്തീരാങ്കാവിനും ഹൈലൈറ്റ് മാളിനും ഇടയിലുള്ള മാമ്പുഴ പാലത്തിൻ്റെ സമീപത്തെ കൂടത്തും പാറയിൽ വച്ചാണ് അപകടം ഉണ്ടായത്.
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്.
പരിക്കേറ്റവരെ പൊലീസും ഫയർ യൂണിറ്റ് അംഗങ്ങളും ചേർന്നാണ് കാറിൽ നിന്നും പുറത്തെത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തെ തുടർന്ന് ഏറെനേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പിന്നീട് അപകടത്തിൽപ്പെട്ട കാറും ലോറിയും ഈ ഭാഗത്തുനിന്നും മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അമിത വേഗത്തിലെത്തിയ ബൈക്ക് അപകടത്തില്‍ പെട്ടു, യുവാക്കൾക്ക് ദാരുണാന്ത്യം : തിരുവനന്തപുരം കുളത്തൂരിൽ ദേശീയപാതയിലെ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഏപ്രിൽ 8 ന് പുലര്‍ച്ചെ 3 മണിയോടെ കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലാണ് അപകടം നടന്നത്. അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29), ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ (20) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അൽ താഹിറിനൊപ്പം ബൈക്കിലുണ്ടായിരുന്ന മണക്കാട് സ്വദേശി അൽ അമാന് (19) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സരയോട്ടത്തിനായി രൂപമാറ്റം വരുത്തിയ ബൈക്കാണ് അപകടമുണ്ടാക്കിയത്. നിയമലംഘനങ്ങൾ നടത്തിയതിന്‍റെ പേരിൽ ഈ വാഹനത്തിന് നിരവധി തവണ പിഴയിട്ടിരുന്നു.
മൂന്ന് മാസം മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് 5000 രൂപ ഈ വാഹനത്തിന് പിഴയിട്ടിരുന്നു. വാഹനത്തിന്‍റെ നിറം, ഹാൻഡിൽ, ഇൻഡിക്കേറ്റർ ലൈറ്റുകൾ എന്നിവയിലടക്കം രൂപമാറ്റം വരുത്തിയിട്ടുണ്ട്.