കോട്ടയം : പള്ളി ഗ്രൗണ്ടില്‍ കാറും ബൈക്കുമായെത്തി അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ വൈദികനെ വാഹനങ്ങള്‍ കൊണ്ട് ഇടിപ്പിച്ചു. പൂഞ്ഞാര്‍ സെന്‍റ് മേരീസ് ഫൊറോന പള്ളി മുറ്റത്ത് വാഹന പ്രകടനം നടത്തിയ ഈരാറ്റുപേട്ടയില്‍ നിന്നുള്ള യുവാക്കളാണ് പള്ളി സഹവികാരി ഫാ.ജോസഫ് ആറ്റുച്ചാലിനെ വാഹനമിടിപ്പിച്ചത്.
സംഭവത്തിൽ പരിക്കേറ്റ വൈദികനെ പൂഞ്ഞാർ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12.30 ഓടെയാണ് സംഭവം. യുവാക്കള്‍ പള്ളിമുറ്റത്തുകൂടി കാറും, ബൈക്കും അമിതവേഗത്തില്‍ ഓടിച്ച് ശബ്‌ദമുണ്ടാക്കി അഭ്യാസപ്രകടനം നടത്തുന്നത് കണ്ട വൈദികന്‍ ഇവരോട് പുറത്തുപോകുവാന്‍ ആവശ്യപ്പെട്ടു. പള്ളിയില്‍ ആരാധന നടക്കുന്നുണ്ടെന്നും യുവാക്കളെ വൈദികന്‍ അറിയിച്ചു (Exercise Demonstration Car And Bike On The Church Ground).
എന്നാല്‍ പുറത്തുപോകാന്‍ ഇവര്‍ തയ്യാറാകാതെ വന്നപ്പോള്‍ വൈദികന്‍ ഗേറ്റ് അടക്കാന്‍ ശ്രമിച്ചു. ഇതിനിടെആദ്യമെത്തിയ ബൈക്ക് വൈദികന്‍റെ കൈയില്‍ ഇടിക്കുകയും പിന്നാലെയെത്തിയ കാര്‍ വൈദികനെ ഇടിച്ചിട്ട ശേഷം വാഹനം ഓടിച്ചു പോകുകയായിരുന്നു. ഉടന്‍ തന്നെ വൈദികനെ പൂഞ്ഞാര്‍ തെക്കേക്കര പിഎച്ച്‌സിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ചികിത്സക്കായി ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയയും ചെയ്‌തു.
പൊലീസ് പള്ളിയിലെത്തി അന്വേഷണം ആരംഭിച്ചു. പള്ളിയിലെ നിരീക്ഷണ കാമറകള്‍ സംഭവസമയം ഓഫ് ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. നാല് കാറുകളുടെ ചിത്രം നാട്ടുകാര്‍ പൊലീസിന് കൈമാറി.