ഇടുക്കി : കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ടിന് സമീപം തമിഴ്‌നാടിന്‍റെ ഭാഗമായ ചുരം പാതയിൽ 200 അടി താഴ്‌ചയിലേക്ക് കാർ മറിഞ്ഞ് കർണാടക സ്വദേശി മരിച്ചു. ബെംഗളൂരു സ്വദേശി സഞ്ജീവ് റെഡ്ഡി (50) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു.
പകൽ 12 നാണ് അപകടം ഉണ്ടായത്. കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം തമിഴ്‌നാട് വഴി ബെംഗളൂരിലേക്ക് മടങ്ങുമ്പോഴാണ് നിയന്ത്രണം നഷ്‌ടപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞത്. സഞ്ജീവ് റെഡ്ഡിയുടെ ഭാര്യ അംബിക (42), മകൾ കീർത്തിക (18), മകൻ കരൺ (11) എന്നിവർക്കും ബന്ധുക്കളായ വൈശാലി (18), ഹർഷ (24) എന്നിവർക്കും പരിക്കേറ്റു. സഞ്ജീവ് റെഡ്ഡിയുടെ മൃതദേഹം തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്കേറ്റവരും ഇവിടെ ചികിത്സയിലാണ്.
കുറ്റിക്കാട്ടൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു : കോഴിക്കോട് കുറ്റിക്കാട്ടൂരിന്‍റെ സമീപം സർവീസ് സ്‌റ്റേഷന് മുന്നിൽ ജൂൺ 4 ന് രാത്രി പത്ത് മണിക്കുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുറ്റിക്കാട്ടൂർ വർണ്ണന പ്രസ് ഉടമയായ പ്രവീൺ ആണ് മരിച്ചത്. കുറ്റിക്കാട്ടൂരിൽ നിന്നും വെള്ളിപറമ്പിലുള്ള വീട്ടിലേക്ക് പോകുമ്പോൾ റോഡ് മുറിച്ചുകടക്കുന്ന ഒരാളെ തട്ടിയശേഷം ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പരിസരവാസികളാണ് പരിക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ALSO READ : സഹസ്‌ത്ര താലിൽ കുടുങ്ങിയ ട്രെക്കിങ് സംഘത്തിലെ 9 പേർ മരിച്ചു; കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുന്നു