തിരുവനന്തപുരം: വിഷുക്കണി ദർശനം, പ്രവർത്തകർക്കൊപ്പം സദ്യ, ക്ഷേത്ര ദർശനം എന്നിങ്ങനെ വിവിധ പരിപാടികളുമായി വിഷു ദിനത്തിലും സജീവമായി സ്ഥാനാർഥികൾ. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ തന്‍റെ ഡൽഹി ഓഫിസിലെ സഹപ്രവർത്തകർക്കായി സദ്യ ഒരുക്കുന്നുണ്ട്. രാവിലെ 9 മണി മുതൽ ക്ഷേത്ര സന്ദർശനങ്ങളും നടത്തി.
അമ്പലമുക്ക് ശ്രീകൃഷ്‌ണ ക്ഷേത്രം, ജഗതി ശ്രീകൃഷ്‌ണ ക്ഷേത്രം, വെള്ളായണി മഹാവിഷ്‌ണു ക്ഷേത്രം എന്നിവിടങ്ങളിലാണ് ശശി തരൂർ സന്ദർശനം നടത്തിയത്. മാതാവിനും സഹോദരിക്കും ഒപ്പമാണ് ശശി തരൂർ അമ്പലമുക്ക് ശ്രീകൃഷ്‌ണ ക്ഷേത്ര ദർശനം നടത്തിയത്.
നെയ്യാറ്റിൻകര മണ്ഡല പര്യടനമാണ് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് ഇന്ന്. പര്യടനത്തിനിടെ ക്ഷേത്ര സന്ദർശനങ്ങളും നടത്തി. കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖർ ഗുരുവായൂരിലും മമ്മിയൂരിലും ദർശനം നടത്തിയിരുന്നു.
എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ ഹൗസിങ് ബോർഡ് ജങ്ഷനിലെ അംബേദ്‌കർ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് ശാസ്‌തമംഗലത്തെ വീട്ടിൽ വിഷു കണിയൊരുക്കി. തുടർന്ന് നഗരത്തിലെ ക്ഷേത്രങ്ങളിലും ദർശനം നടത്തി.
എൻഡിഎ സ്ഥാനാർഥി വി മുരളീധരൻ അതിരാവിലെ തന്നെ ക്ഷേത്ര ദർശനം നടത്തി. ആറ്റിങ്ങൽ വീരളം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തി. തുടർന്ന് പര്യടനം ആരംഭിച്ചു. മണ്ഡലത്തിലെ വോട്ടർമാരെ സന്ദർശിച്ചു. ഷാൾ അണിയിച്ചും കണിക്കൊന്ന പൂക്കൾ നൽകിയും മുരളീധരനെ ആളുകൾ സ്വീകരിച്ചു.
അതേസമയം, എൽഡിഎഫ് സ്ഥാനാർഥി വി ജോയി കാട്ടാക്കട പൂവച്ചൽ രതീഷ്, മേഘ ദമ്പതികളുടെ മകൾ തീർത്ഥയ്ക്ക് ആദ്യാക്ഷരം കുറിപ്പിച്ചു. പിരപ്പൻകോട് ശ്രീ കൃഷ്‌ണ സ്വാമി ക്ഷേത്രം, മുഖവൂർ ശ്രീ മഹാവിഷ്‌ണു സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും സന്ദർശനം നടത്തി. സ്വകാര്യ സന്ദർശനങ്ങളും വൈകിട്ട് പൊന്മുടിയിലെ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലും അവിടത്തെ ലയങ്ങളിലും പോകാനുള്ളതിനാൽ ഇന്ന് പര്യടനത്തിന് ഇറങ്ങില്ല.