എറണാകുളം: കാലിക്കറ്റ് സർവകലാശാല വിസി ഡോ. എം കെ ജയരാജിനെ നീക്കിയ ഗവർണറുടെ നടപടി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. ഇതോടെ വിസിക്ക് സ്ഥാനത്ത് തുടരാം. സംസ്‌കൃത സർവകലാശാല വിസി ഡോ. എം വി നാരായണനെ ഗവർണർ പുറത്താക്കിയതിൽ കോടതി ഇടപെട്ടില്ല. നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അസാധുവാക്കിയ ഗവർണറുടെ മാർച്ച് 7 ലെ ഉത്തരവിനെതിരെ ഇരുവരും നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്.
ഹർജികളിൽ നോട്ടീസ് നിർദ്ദേശിച്ച കോടതി പിന്നീട് വിശദവാദം കേൾക്കും. ജസ്റ്റിസ് സി പി മുഹമ്മദ് നിയാസാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കാലിക്കറ്റ് സർവകലാശാല സെലക്‌ഷൻ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെയും ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രൊഫസർ ഡോ. വി കെ രാമചന്ദ്രനെയും ഉൾപ്പെടുത്തിയത് യുജിസി ചട്ടങ്ങളുടെ ലംഘനമല്ലെന്ന് കോടതി വിലയിരുത്തി.
കാലിക്കറ്റ് സർവകലാശാലയുടെ സെലക്ഷൻ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും സംസ്‌കൃത വിസി നിയമനത്തിന് സെലക്ഷൻ കമ്മിറ്റി ഒരാളെ മാത്രം ശുപാർശ ചെയ്‌തതും ചട്ടലംഘനമാണെന്ന് വിലയിരുത്തിയായിരുന്നു ചാന്‍സലര്‍ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി.
കാലിക്കറ്റ് വിസിക്കായി അഡ്വ. രഞ്ജിത് തമ്പാനും സംസ്‌കൃത വിസിക്കായി അഡ്വ. എം പി ശ്രീകൃഷ്‌ണനും ചാൻസലർക്കായി പി ശ്രീകുമാറും യുജിസിക്കായി എസ് കൃഷ്‌ണമൂർത്തിയുമാണ് കോടതിയില്‍ ഹാജരായത്.