ആലപ്പുഴ: കേരളത്തിലെ സിസേറിയന്‍ നിരക്ക് വന്‍തോതില്‍ ഉയര്‍ന്നതായി നാഷണൽ ഹെൽത്ത് മിഷൻ റിപ്പോര്‍ട്ട്. അഞ്ച് ജില്ലകളില്‍ സിസേറിയൻ പ്രസവ നിരക്ക് (സി - സെക്ഷൻ) 50% കവിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളാണ് പട്ടികയിൽ മുന്നിലുള്ളത്.
56% സിസേറിയന്‍ നിരക്കുമായി ആലപ്പുഴ ജില്ലയാണ് മുന്നിലുള്ളത്. ആലപ്പുഴയിൽ ഗർഭിണികളിൽ 11 ശതമാനമാണ് ഹൈ റിസ്‌ക് വിഭാഗത്തിൽപെട്ടവര്‍ എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് (34%) സിസേറിയൻ പ്രസവ നിരക്ക്. സംസ്ഥാന ശരാശരി 44% ആണ്. 2024 ഏപ്രിൽ മുതൽ നവംബർ വരെയുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) റിപ്പോർട്ട് തയാറാക്കിയത്.
ജില്ലകള്‍ | സിസേറിയന്‍ നിരക്ക് |
തിരുവനന്തപുരം | 49% |
കൊല്ലം | 54% |
പത്തനംതിട്ട | 53% |
ആലപ്പുഴ | 56% |
കോട്ടയം | 45% |
ഇടുക്കി | 53% |
എറണാകുളം | 52% |
തൃശൂര്‍ | 46% |
പാലക്കാട് | 39% |
മലപ്പുറം | 35% |
കോഴിക്കോട് | 44% |
വയനാട് | 38% |
കണ്ണൂര്‍ | 48% |
കാസര്‍കോട് | 34% |
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സ്വാഭാവിക പ്രസവം പ്രോത്സാഹിപ്പിക്കുന്നതിൽ ഡോക്‌ടർമാരുടെ വിമുഖതയാണ് വർധിച്ചുവരുന്ന സിസേറിയന്‍ നിരക്കിന് കാരണമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. പ്രസവ സംബന്ധമായ സങ്കീർണതകൾ ഭയന്നും അടിയന്തര സാഹചര്യങ്ങൾ ഒഴിവാക്കാനുമെല്ലാം സിസേറിയന്‍ കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെന്നും വിദഗ്‌ധര്‍ വ്യക്തമാക്കുന്നു.
ഉയർന്ന അപകട സാധ്യതയുള്ള ഗർഭധാരണം കൈകാര്യം ചെയ്യാൻ ചില താലൂക്ക് ആശുപത്രികൾ തയ്യാറല്ലെന്നാണ് റിപ്പോർട്ട്. തുടർ പരിചരണത്തിനായി ഇവിടെ നിന്ന് രോഗികളെ മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്.
അടുത്തിടെ ആലപ്പുഴ കടപ്പുറത്തെ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വാക്വം അസിസ്റ്റഡ് ഡെലിവറിയിലൂടെ ജനിച്ച കുഞ്ഞിന് കൈകളുടെ ചലനശേഷി തകരാറിലായി എന്ന് പരാതി ഉയർന്നതിനെ തുടർന്ന് വിവാദം ഉയർന്നിരുന്നു.
ഇത്തരത്തിലുള്ള വിഷയങ്ങളും സിസേറിയനുകള്‍ നടത്താന്‍ ഡോക്‌ടര്‍മാരെ പ്രേരിപ്പിച്ചേക്കാം. ഇതിന് പുറമേ, ഗർഭിണികളും കുടുംബങ്ങളും തന്നെ സിസേറിയൻ ഡെലിവറി ഓപ്ഷനെ പിന്തുണയ്ക്കുന്നതായി കാണപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Also Read: അമിതഭാരവും പുരുഷ വന്ധ്യതയും; ബീജങ്ങളുടെ എണ്ണം ഇരട്ടിയാക്കാൻ ഇതാ ഒരു മാർഗം