തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി മന്ത്രിസഭായോഗം. വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിന് അനുസൃതമായി അടിയന്തര നടപടികൾ സുപ്രീം കോടതി മുഖേന സ്വീകരിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം ഒറിജിനൽ സ്യൂട്ട് നേരത്തെ തന്നെ സുപ്രീം കോടതി മുമ്പാകെ സംസ്ഥാനം ഫയൽ ചെയ്‌തിട്ടുണ്ട്.
പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് അടിവരയിട്ട് പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് തന്നെ ആദ്യമായി പ്രമേയം പാസാക്കിയതും കേരളമായിരുന്നു. നിയമപരമായി തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാർ സുപ്രീം കോടതിയിൽ സ്യൂട്ട് ബുക്ക് ചെയ്‌തതായി നിയമമന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു.
മറ്റ് തീരുമാനങ്ങൾ: അനിമേഷന്‍, വിഷ്വല്‍ ഇഫക്‌ട്‌സ്, ഗെയ്‌മിങ്, കോമിക്‌സ്-എക്‌സ്‌റ്റെന്‍ഡഡ് റിയാലിറ്റി (എവിജിസി-എക്‌സ് ആര്‍) മേഖലയ്ക്കായി സംസ്ഥാന സർക്കാർ സമഗ്ര നയത്തിന് രൂപം നൽകി. 2029 ഓടെ എവിജിസി-എക്‌സ് ആര്‍ മേഖലയില്‍ സ്‌കൂൾ തലം മുതൽ സർവകലാശാല തലം വരെ സമഗ്രമായ ഇടപെടലുകൾ വഴി 50,000 തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ എവിജിസി-എക്‌സ് ആര്‍ കയറ്റുമതി വരുമാനത്തിന്‍റെ പത്ത് ശതമാനം കരസ്ഥമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കേരള സ്റ്റാര്‍ട്‌അപ്പ് മിഷന്‍, കെഎസ്ഐഡിസി, കെഎസ്എഫ്‌ഡിസി, കേരള ഡിജിറ്റല്‍ സര്‍വകലാശാല, കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, സി-ഡിറ്റ്, കേരള ഫൈബര്‍ ഒപ്‌ടിക് നെറ്റ് വര്‍ക്ക് (കെ-ഫോണ്‍), കേരള ഡെവലപ്‌മെന്‍റ് ഇനോവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (കെ-ഡിസ്‌ക്), കേരള നോളജ് ഇക്കണോമി മിഷന്‍ (കെകെഇഎം) തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സംയുക്ത പ്രവര്‍ത്തനമാണ് എവിജിസി-എക്‌സ് ആര്‍ മേഖലയ്ക്കായി ഉപയോഗപ്പെടുത്താൻ പദ്ധതിയിടുന്നത്.
Also read: സംസ്ഥാനങ്ങള്‍ക്ക് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാനാകുമോ ? ; വിശദമായി അറിയാം