എറണാകുളം : പ്രശസ്‌ത എഴുത്തുകാരൻ സി രാധാകൃഷ്‌ണൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്‌ടാംഗത്വം രാജിവച്ചു. അക്കാദമി ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്‌തതില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് അദ്ദേഹം അക്കാദമി സെക്രട്ടറിയ്ക്ക് അയച്ചു കൊടുത്തു.
രാജിയുടെ കാരണമായി കത്തിൽ ചൂണ്ടികാണിക്കുന്നത് സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്‌തതാണ്. പ്രോഗ്രാമില്‍ ആരുടെയും പേരുണ്ടായിരുന്നില്ല. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തി പ്രത്യേക ക്ഷണപത്രം അയച്ചത്. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മറികടന്ന് സ്വയംഭരണാവകാശം നിലനിര്‍ത്തുന്ന സാഹിത്യ അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇതു സംഭവിക്കുന്നത്.
താന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരല്ല. പക്ഷെ അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തില്‍ രാഷ്ട്രീയവത്‌കരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. 'ഞാൻ അഞ്ച് വർഷം എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗമായിരിക്കെ അക്കാദമിയെ രാഷ്ട്രീയമായി സ്വാധീനിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഞങ്ങൾ നടത്തിയ സന്ധിയില്ലാത്ത പോരാട്ടം നിങ്ങൾ ഓർക്കുമെന്ന് പ്രതീക്ഷിക്കുന്നു. വളരെക്കാലം മുമ്പ് തന്നെ മറ്റ് രണ്ട് അക്കാദമികളുടെ സ്വയംഭരണാധികാരം കവർന്നെടുത്തതായി നിങ്ങൾക്കറിയാം.
ഈ അക്കാദമിയും നീങ്ങിക്കൊണ്ടിരിക്കുന്ന ഗുരുതരമായ വിപത്തിനെ എൻ്റെ ചെറുപ്പക്കാരും മുതിർന്നവരുമായ സഹ എഴുത്തുകാർ തിരിച്ചറിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പ്രാർഥിക്കുന്നു. വീണ്ടും, നിങ്ങൾക്ക് നന്നായി അറിയാവുന്നതുപോലെ, സാഹിത്യ അക്കാദമിയുടെ സ്ഥാപക പിതാക്കന്മാർ ഈ സ്ഥാപനത്തിൻ്റെ ജനാധിപത്യ സ്വയംഭരണത്തെ തുരങ്കം വയ്ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കാനും ശല്യപ്പെടുത്താതെ അതിജീവിക്കാനും പ്രാപ്‌തമായ ഒരു ഭരണഘടനയാണ് അതിന് നൽകിയത്.
അക്കാദമിയുടെ ഭരണഘടന പുതുക്കിപ്പണിയാൻ പോലും രാഷ്ട്രീയ മുതലാളിമാർ മിടുക്കരാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ക്ഷമിക്കണം, രാഷ്ട്രത്തിലെ ഏറ്റവും അവസാനത്തെ ജനാധിപത്യപരമായ സ്വയംഭരണ സ്ഥാപനത്തിൻ്റെ ശവസംസ്‌കാരത്തിന് നിശബ്‌ദമായി നോക്കിയിരിക്കാൻ കഴിയില്ലന്നും സി രാധാകൃഷ്‌ണന്‍ രാജി കത്തില്‍ വ്യക്തമാക്കി.
അക്കാദമിയോട് സ്നേഹമുള്ളത് കൊണ്ടാണ് താൻ ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു. തൻ്റെ രാജിയിലൂടെ ഈ വിഷയം ചർച്ച ചെയ്യപ്പെടണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: 'കേരള ഗാനം എഴുതി വാങ്ങി അപമാനിച്ചു' ; സാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരന്‍ തമ്പി
രാജ്യത്തെ മുതിർന്ന സാഹിത്യകാരൻമാർക്ക് നൽകുന്ന അംഗീകാരമാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്‌ടാംഗത്വം. എം ടി വാസുദേവൻ നായരാണ് നേരത്തേ ഈ അംഗീകാരം ലഭിച്ച മലയാളി എഴുത്തുകാരൻ.