കോഴിക്കോട് : നിർത്തിയിട്ട ബസിലെ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ ഒളിവിൽ പോയ അഞ്ചു പ്രതികൾ പൊലീസിന് മുന്നിൽ കീഴടങ്ങി. കണ്ണൂർ മട്ടന്നൂർ കറുവള്ളി പറമ്പിൽ വീട്ടിൽ ജിഷ്‌ണു ജയൻ (29) കോഴിക്കോട് പെരിങ്ങൊളം പാറോൾ വീട്ടിൽ സി ഇ മിഥുൻ ( 26 ), കൊടുവള്ളി അക്കരപറമ്പിൽ കെ കെ നൗഫൽ ( 28 ) കൂടരഞ്ഞി കക്കാടംപൊയിൽ നെല്ലിക്കൽ എൻ എ കമറുദ്ദീൻ ( 32) , പറശ്ശിനിക്കടവ് മല്ലക്കൊടി നാണിയൂർ അമ്പരം ആയിഷ മൻസിൽ മിസബ് ( 22 ) എന്നിവരാണ് കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയത്. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ ജാമ്യത്തിൽ വിട്ടു.
ഈ മാസം ഒന്നാം തീയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോഴിക്കോട് ചക്കോരത്തുകുളം പെട്രോൾ പമ്പിനു സമീപം നിർത്തിയിട്ട സമായ ബസില്‍ കിടന്നുറങ്ങുകയായിരുന്ന ജീവനക്കാരെയാണ് മറ്റൊരു ബസിലെ ജീവനക്കാർ ചേർന്ന് മർദ്ദിച്ചത്. റൂട്ടിലെ സമയത്തെച്ചൊല്ലി പകലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിന് കാരണമായത്.
സംഭവവുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് എടശ്ശേരി താഴത്ത് പി എം ബിനീഷ് (23)നെ നേരത്തെ തന്നെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇപ്പോൾ പൊലീസിനു മുന്നിൽ കീഴടങ്ങിയ പ്രതികൾ സ്ഥിരം കുറ്റവാളികൾ ആണെന്ന് പൊലീസ് അറിയിച്ചു. സി ഇ മിഥുൻ, എൻ എ ഖമറുദ്ദീൻ, എന്നിവർക്കെതിരെ കുന്ദമംഗലം മെഡിക്കൽ കോളേജ് സ്‌റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളും അടിപിടി കേസുകളും നിലവിലുണ്ട്. മറ്റു പ്രതികളുടെ പേരിലും വിവിധ സ്‌റ്റേഷനുകളിൽ കേസുകളുണ്ട്. ചില കേസുകളിൽ ഇവർ പിടികിട്ടാപ്പുള്ളികളുമാണ്.