തൃശൂര്‍ : തൃശൂര്‍ എടത്തിരുത്തിയിലും പെരിഞ്ഞനത്തും വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. എറിയാട് സ്വദേശി തൻസീർ, പറവൂർ മന്നം സ്വദേശി മിഥുൻ ലാൽ എന്നിവരെയാണ് കയ്‌പമംഗലം പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 23 നാണ് എടത്തിരുത്തി കുമ്പള പറമ്പിലുള്ള ആനാപ്പുഴ പ്രസാദിന്‍റെ വീട് കുത്തിത്തുറന്ന് ഒന്നര ലക്ഷം രൂപ വിലവരുന്ന റാഡോ വാച്ചും ഒരു ലക്ഷം രൂപ വിലവരുന്ന ക്യാമറയും പ്രതികള്‍ കവര്‍ന്നത്. കൂടാതെ എടത്തിരുത്തി എലുവത്തിങ്കൽ ദേവസിയുടെ വീട്ടിൽ നിന്ന് 3,000 രൂപയും, മാർച്ച് 2 ന് ചക്കരപ്പാടം കാട്ടുപറമ്പിൽ സെയ്‌ഫുദ്ധീന്‍റെ വീട്ടിൽ നിന്നും മുപ്പതിനായിരം രൂപയും പ്രതികൾ കവർന്നിരുന്നു. ഈ കേസുകളിലാണ് പൊലീസ് അവരെ അറസ്‌റ്റ് ചെയ്‌തത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സിസിടിവി പരിശോധിച്ചതിൽ അവ്യക്തമായ രീതിയിൽ ബൈക്കിന്‍റെ നമ്പർ കിട്ടുകയും, സിസിടിവി ടെക്‌നീഷ്യൻ മൃദുലാലിന്‍റെ സഹായത്തോടെ നമ്പർ സ്ഥിരീകരിക്കുകയുമായിരുന്നു. വാഹന ഉടമയെ കണ്ടെത്തിയശേഷം ബൈക്ക് വാടകക്കെടുത്ത തൻസീറിനെ കണ്ടെത്തിയതോടെയാണ് മറ്റു രണ്ട് പേരെ കുറിച്ചുള്ള വിവരം ലഭിച്ചത്.
വാടകക്കെടുത്ത ആഢംബര ബൈക്കിൽ എത്തി ആളില്ലാത്ത വീട് നോക്കി മുൻ വശത്തെ വാതിൽ പൊളിച്ചാണ് മോഷണം നടത്തിവന്നിരുന്നത്. മോഷ്‌ടിച്ച റാഡോ വാച്ച് രണ്ടാം പ്രതി മിഥുൻ ലാലിന്‍റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു. ക്യാമറ കൊല്ലത്തെ ഒരു കടയിൽ വിൽപന നടത്തിയതായും പ്രതികൾ പൊലീസിനോട് പറഞ്ഞു.
ഈ കേസിലെ മറ്റൊരു പ്രതിയായ ആല ഗോതുരുത്ത് സ്വദേശി ബൈജുവിനെ കൂടി പിടികൂടാനുണ്ട്. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. ഒന്നാം പ്രതി തൻസീറിന് വിവിധ സ്‌റ്റേഷനുകളിലായി മോഷണ കേസുകൾ ഉൾപ്പെടെ 27 കേസുകൾ നിലവിലുണ്ട്.
പൂട്ട് പൊളിച്ച് മോഷണം; നൂറോളം കേസുകളിലെ പ്രതി പിടിയിൽ : കോഴിക്കോട് ജില്ലയില്‍ കടകളുടെയും, ഓഫിസുകളുടെയും ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ. കൂടരഞ്ഞി സ്വദേശി കൊന്നാം തൊടി ഹൗസിൽ കെ വി ബിനോയിയെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മിഷണർ ടി പി ജേക്കബിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്.
കടയുടെ പൂട്ടുപൊളിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ലിങ്ക് റോഡ് കിളിപ്പറമ്പ് ക്ഷേത്രത്തിനടുത്ത് വച്ച് മാർച്ച് 22 ന് ബിനോയ് പിടിയിലാവുന്നത്. കോഴിക്കോട് മിഠായി തെരുവിലെ കെ 22 പി എം എന്ന കടയുടെ പൂട്ടു പൊളിച്ച് എഴുപതിനായിരം രൂപ മോഷണം നടത്തിയതും കോട്ട പറമ്പ് മാക്കോത്ത് ലൈനിലുള്ള യൂസ്‌ഡ് ബൈക്ക് ഷോറൂമായ വി കെ അസോസിയേറ്റിൻ്റെ പൂട്ട് പൊളിച്ച് ബൈക്ക് മോഷണം നടത്തിയതും ഇയാളാണെന്ന് അധികൃതർ പറഞ്ഞു.
മോഷണം നടത്തിയതിന് ശേഷം ബിനോയ് കാസർകോട് ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു. പുതിയ മോഷണം നടത്താൻ പദ്ധതിയിട്ട് വീണ്ടും കോഴിക്കോട് വന്നപ്പോഴാണ് പ്രതി പിടിയിലാവുന്നത്. കേരളത്തിലെ വിവിധ സ്‌റ്റേഷനുകളിൽ നൂറോളം കേസുകളിൽ പ്രതിയായ ആളാണ് ബിനോയ്.