കോഴിക്കോട്: താമരശ്ശേരിക്കു സമീപം ഈങ്ങാപ്പുഴയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് ചെമ്പുകമ്പി മോഷ്‌ടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഈങ്ങാപ്പുഴ കക്കാട് പുതുപ്പറമ്പില്‍ പിഎസ് ഷഹാനാദി (26) നെയാണ് താമരശ്ശേരി ഡിവൈഎസ്‌പി എംപി വിനോദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.
തലയാട് സ്വദേശി ഷറഫുദ്ദീന്‍റെ ഉടമസ്ഥതയില്‍ ഈങ്ങാപ്പുഴയിലുള്ള കെട്ടിടത്തില്‍ നിന്നാണ് ചെമ്പ് കമ്പികള്‍ മോഷ്‌ടിച്ചത്. കഴിഞ്ഞ മാര്‍ച്ച് നാലാം തീയതി രാത്രിയായിരുന്നു സംഭവം. വയറിങ്ങ് പ്രവൃത്തിക്കായി സ്ഥാപിച്ച ഒരു ലക്ഷത്തിലേറെ വിലവരുന്ന ചെമ്പുകമ്പിയാണ് മോഷ്‌ടിച്ചത്.
മോഷണത്തിന്‍റെ ദൃശ്യങ്ങള്‍ കെട്ടിടത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈങ്ങാപ്പുഴ കക്കാട് പുതുപ്പറമ്പില്‍ പിഎസ് ഷഹനാസിനെ താമരശ്ശേരി പൊലീസ് പിടികൂടിയത്.
Also Read: മുക്കത്ത് തുടര്‍ച്ചയായി മോഷണങ്ങള്‍; ജനങ്ങള്‍ ആശങ്കയില്‍
മോഷണത്തിന് ശേഷം പ്രതി മംഗലാപുരം ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാട്ടിലെത്തിയപ്പോഴാണ് പൊലീസിന്‍റെ വലയിലായത്. താമരശ്ശേരി ഇന്‍സ്‌പെക്‌ടര്‍ കെഒ പ്രദീപ്, എസ്ഐമാരായ സജേഷ് സി ജോസ്, രാജീവ് ബാബു, പി ബിജു, എന്‍എം ജയരാജന്‍, പിപി ജിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.