കോഴിക്കോട്: പന്തീരങ്കാവ് കെഎസ്‌ഇബി ഓഫിസ് ആക്രമണ കേസിൽ നാല് പേർ അറസ്‌റ്റിലായി. പന്തീരങ്കാവ് വലിയ തൊടി പ്രിയൻ (30), മുതുവനത്തറ പൊന്നമ്പലത്ത് മീത്തൽ ബിനോയ്, മുതുവനത്തറ രബീഷ് (42), മുതുവനത്തറ കോണ്ട കടവത്ത് സുബീഷ് (37) എന്നിവരെയാണ് പന്തീരങ്കാവ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സുബീഷിൻ്റെ കാറും പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയിലാണ് പന്തീരങ്കാവ് വൈദ്യുതി ഓഫിസിന് നേരെ കല്ലേറ് ഉണ്ടായത്. വൈദ്യുതി ഇല്ലാതായതിനെ തുടർന്ന് സംഘം ചേർന്ന് ചോദിക്കാൻ എത്തിയ നാട്ടുകാർ ജീവനക്കാരുമായി തർക്കിക്കുകയും ഓഫിസ് കെട്ടിടത്തിന്‍റെ മുന്നിൽ സ്ഥാപിച്ച ബോർഡ് തകർക്കുകയും ചെയ്‌തു എന്നാണ് പരാതി. ജീവനക്കാരുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്.