തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേസ് സാഹിബിന്‍റെ സ്വകാര്യ ഭൂമി കൈമാറ്റം തടഞ്ഞ് കോടതി. പ്രവാസിയില്‍ നിന്ന് വാങ്ങിയ അഡ്വാന്‍സ് തുക മടക്കി നല്‍കാത്തതാണ് ഭൂമി ജപ്‌തി ചെയ്യാന്‍ ഇടയാക്കിയത്. കേസിന് ആസ്‌പദമായ തുക കോടതിയില്‍ കെട്ടിവച്ചാല്‍ മാത്രമേ ഡിജിപിക്ക് ഭൂമി കൈമാറ്റം സാധ്യമാകുകയുളളൂ.
തിരുവനന്തപുരം സബ് കോടതിയുടേതാണ് നടപടി. തോന്നയ്ക്കല്‍ റഫാ മന്‍സിലില്‍ താമസിക്കുന്ന ആര്‍ ഉമര്‍ ഷെരീഫ് ആയിരുന്നു ഹര്‍ജിക്കാരന്‍. ഡിജിപിയുടെയും ഭാര്യ ഫരീദാ ഫാത്തിമയുടെ പേരില്‍ പേരൂര്‍ക്കട മണികണ്‌ഠേശ്വരം ഭാഗത്തുളള 10.8 സെന്‍റ് വസ്‌തുവിന് 74 ലക്ഷം രൂപ വില സമ്മതിച്ച് ഉമര്‍ ഒരു വസ്‌തു വില്‍പ്‌ന കരാര്‍ ഉണ്ടാക്കിയിരുന്നു.
രണ്ട് മാസത്തിനകം ഭൂമി കൈമാറാം എന്നായിരുന്നു കരാര്‍. കരാര്‍ ദിവസം ഉമര്‍ 15 ലക്ഷം രൂപയും രണ്ട് ദിവസം കഴിഞ്ഞ് ഡിജിപി ആവശ്യപ്പെട്ട പ്രകാരം 10 ലക്ഷം രൂപയും വീണ്ടും ഒരാഴ്‌ച കഴിഞ്ഞ് ഡിജിപി ആവശ്യപ്പെട്ട പ്രകാരം അഞ്ച് ലക്ഷം രൂപയും നല്‍കി. അവസാനം നല്‍കിയ അഞ്ച് ലക്ഷം രൂപ ഉമര്‍ ഡിജിപി ഓഫിസില്‍ നേരിട്ട് എത്തിയാണ് നല്‍കിയത്.
അന്ന് തന്നെ കരാറിന് പുറമെ 15 ലക്ഷം കൈപ്പറ്റിയതായി ഡിജിപി കരാര്‍ പത്രത്തിന് പുറകില്‍ എഴുതി നല്‍കുകയും ചെയ്‌തു. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ പ്രമാണത്തിന്‍റെ ഒറിജിനല്‍ കാണണമെന്ന് ഉമര്‍ ആവശ്യപ്പെട്ടു. ബാധ്യതകള്‍ ഒന്നും ഇല്ലെന്ന് പറഞ്ഞാണ് ഉമറില്‍ നിന്ന് 30 ലക്ഷം വാങ്ങിയിരുന്നത്.
ഉമര്‍ നടത്തിയ അന്വേഷണത്തില്‍ ഈ വസ്‌തു എസ്ബിഐ ആല്‍ത്തറ ശാഖയില്‍ 26 ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞു. ഇതേതുടര്‍ന്ന് നല്‍കിയ 30 ലക്ഷം മടക്കി വേണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടിസ് അയച്ചെങ്കിലും പണം നല്‍കാനാകില്ല വസ്‌തു നല്‍കാം എന്ന മറുപടിയാണ് ഉണ്ടായത്. ഇതിനിടെ ഭൂമി മറിച്ച് വില്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ഉമര്‍ കോടതിയെ സമീപിച്ച് ഭൂമി അറ്റാച്ച് ചെയ്യിപ്പിച്ചത്.