തൃശൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെ എഞ്ചിനും ബോഗിയും വേർപെട്ടു. എറണാകുളത്ത് നിന്ന് ഇന്ന് (ജൂൺ 28) രാവിലെ പുറപ്പെട്ട എറണാകുളം - ടാറ്റ നഗർ എക്‌സ്‌പ്രസിന്‍റെ ബോഗിയാണ് എഞ്ചിനിൽ നിന്നും വേർപെട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു. തൃശൂർ വള്ളത്തോൾ നഗറിന് സമീപം രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
എഞ്ചിനും ബോഗിയും വള്ളത്തോൾ നഗർ സ്‌റ്റേഷനിൽ എത്തിച്ച് പരിശോധനകൾ നടത്തി. റെയിൽവേ പൊലീസ്, ആർപിഎഫ്, സിഎൻഡബ്ല്യൂ സ്‌റ്റാഫ്, മെക്കാനിക്കൽ വിഭാഗം സ്‌റ്റാഫ് എന്നിവർ ചേർന്ന് എഞ്ചിനും ബോഗിയും തമ്മിൽ കൂട്ടി യോജിപ്പിച്ചു.
തകരാർ പരിഹരിച്ച് ട്രെയിൻ യാത്ര പുനരാരംഭിച്ചതായി റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവം നടക്കുമ്പോൾ ട്രെയിൻ സാവധാനത്തിലായിരുന്നു നീങ്ങിയതെന്നും യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബോഗിയും എഞ്ചിനും വേർപെടാനുള്ള കാരണം ഇതുവരെ അറിവായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണമുണ്ടാകും, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.