കാസർക്കോട്: ഒൻപത് മാസം മുമ്പ് ആരോ വഴിയിൽ ഉപേക്ഷിച്ച നായയെ കാഞ്ഞങ്ങാട് വെള്ളിക്കോത്തെ കൃഷ്‌ണകുമാർ എടുത്ത് വളർത്തി. പെട്ടെന്ന് തന്നെ ഇണങ്ങിയ നായ വീട്ടുകാരുടെ അരുമയായി മാറി. അമ്മു എന്ന പേരുമിട്ടു. ആരെയും ഉപദ്രവിക്കാത്തതിനാൽ കെട്ടിയിട്ട് വളർത്തുന്നത് അപൂർവമായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി എല്ലിൻകഷ്‌ണങ്ങൾ കഴിക്കുന്നതിനിടെ അമ്മു ബ്ലേഡ് വിഴുങ്ങുന്നത് കൃഷ്‌ണകുമാർ ഒരു മിന്നായം പോലെ കണ്ടു. എന്നാൽ അമ്മുവിന് ശരീരിക ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല. പിന്നെ കൃഷ്‌ണകുമാറിനും സംശയമായി. എന്നാലും ഒട്ടും വൈകിക്കാതെ നേരെ കാഞ്ഞങ്ങാട്ടെ മൃഗാശുപത്രിയിലേക്ക് ഓടി. ഈ സമയം മുഴുവൻ അമ്മു കൃഷ്‌ണകുമാറിന്‍റെ മടിയിൽ വിശ്രമിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയ ഉടനെ ഡോക്‌ടർമാരുടെ സംഘം വിദഗ്‌ധ പരിശോധനയ്ക്ക് വിധേയമാക്കി.
എക്‌സറേയിൽ ബ്ലേഡ് കണ്ടെത്തി. അങ്ങനെ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ അന്നനാളത്തിൽ കുടുങ്ങിയ ബ്ലേഡ് പുറത്തെടുത്തു. ഇതോടെ അമ്മുവിന് പുതുജീവൻ. കടന്നുപോയ നിമിഷങ്ങളെക്കുറിച്ചോർക്കുമ്പോൾ കൃഷ്‌ണകുമാറിന്‍റെ നെഞ്ചൊന്ന് പിടയ്ക്കുമെങ്കിലും അമ്മു രക്ഷപ്പെട്ടതിന്‍റെ തെളിച്ചം കൃഷ്‌ണകുമാറിന്‍റെ മുഖത്തുണ്ട്. അത്രമേൽ പ്രിയപ്പെട്ടതാണ് കൃഷ്‌ണകുമാറിന് അമ്മു.
തന്നെ രക്ഷിച്ച ഡോക്‌ടർമാർ അമ്മുവിനെ കാണാൻ എത്തിയപ്പോൾ അവർക്കു മുന്നിലും സ്നേഹത്തോടെ അവൾ നിന്നു. നിലവിൽ ആഹാരമൊന്നും ഇപ്പോൾ കൊടുക്കുന്നില്ല. പകരം ഗ്ലൂക്കോസ് കൊടുക്കും. അടുത്ത ദിവസം തന്നെ അമ്മു പൂർണ ആരോഗ്യം വീണ്ടെടുക്കുമെന്ന് ഡോക്‌ടർമാർ പറയുന്നു. സവാദ്, ജിഷ്‌ണു, നിതീഷ്, ഷഫാന എന്നിവർ അടങ്ങുന്ന സംഘമാണ് അമ്മുവിന്‍റെ ജീവൻ രക്ഷിച്ചത്.