കൊല്ലം: ജില്ലയില്‍ മഴ ശക്തി പ്രാപിച്ചതോടെ കൊല്ലം ബീച്ചില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ബീച്ചില്‍ വീണ്ടും കടലെടുപ്പുണ്ടാകുന്നത്. ശക്തമായി വീശിയടിക്കുന്ന തിരമാലയിപ്പോള്‍ തീരം കവരുകയാണ്.
ഏകദേശം അമ്പത് മീറ്ററോളം തീരം കടലെടുത്തു. ഇതോടെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. അപകട മുന്നറിയിപ്പ് ബോർഡുകളും ബീച്ചിന്‍റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ ശക്തമായ തിരമാല തെങ്ങിന്‍റെ ഉയരത്തോളം പൊങ്ങുന്നുണ്ട്. ഈ കാഴ്‌ച ഭയാനകമാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
സുനാമി തിരമാലകളെ പോലെയാണ് കടൽ പ്രക്ഷുബ്‌ദമാകുന്നത്. വെടിക്കുന്ന് പ്രദേശം മുതൽ കൊടിമരം ഭാഗം വരെ കടലിന്‍റെ കലി തുടരുകയാണ്. 150 മീറ്റർ വീതിയുണ്ടായിരുന്ന ബീച്ച് ഇപ്പോൾ 50 മീറ്ററായി ചുരുങ്ങി. ബീച്ചിന് സമീപത്താണ് കൊല്ലം പോർട്ട്. ഇവിടെ കപ്പൽ ചാലായതിനാൽ കടലിന് 50 അടി താഴ്‌ചയുണ്ട്.
ബീച്ചിലെ ഓപ്പൺ എയർ ഓഡിറ്റോറിയം മുതൽ വെടിക്കുന്ന ഭാഗം വരെ തിരമാലകളെ പ്രതിരോധിക്കാന്‍ നിരത്തിയ ജിയോ ബാഗുകൾ എല്ലാം പൂർണമായും കടലെടുത്ത നിലയിലാണ്. ബീച്ചിലെ ജീവൻ രക്ഷ പ്രവർത്തകർ ബീച്ചിലെത്തുന്ന സന്ദർശകർക്ക് അപകട മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. കഴിഞ്ഞ 18 വർഷങ്ങൾക്കിടയിൽ ആദ്യമായാണ് ഇത്തരമൊരു കള്ളക്കടൽ പ്രതിഭാസം കണ്ട് വരുന്നതെന്ന് ബീച്ചിലെ ജീവൻ രക്ഷ പ്രവർത്തകർ പറയുന്നു.
മുണ്ടയ്ക്കല്‍, പാപനാശം, കാക്കത്തോപ്പ്, താന്നി, വെടിക്കുന്ന് എന്നീ തീരദേശ മേഖലകളിൽ കഴിഞ്ഞ ഒരു മാസത്തിന് മുമ്പുണ്ടായ കടൽ ക്ഷോഭത്തിൽ നിരവധി വീടുകളും ആരാധനാലയങ്ങളും തകർന്നിരുന്നു. നിരവധി മരണങ്ങളും ഇതിനോടകം ഉണ്ടായി. ഏറ്റവും അവസാനമായി, ഏതാനും ആഴ്‌ചകൾക്ക് മുമ്പ് കൂട്ടുകാർക്കൊപ്പം ബീച്ചിലെത്തിയ 17കാരനാണ് കടലില്‍ മുങ്ങി മരിച്ചത്. ജില്ലയ്ക്ക് പുറത്ത് നിന്ന് എത്തുന്നവരാണ് കൂടുതലായും ബീച്ചിൽ അപകടത്തിൽപ്പെടുന്നത്.
കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാൻ കൂടിയായ ജില്ല കലക്‌ടര്‍ എന്‍.ദേവിദാസ് അറിയിച്ചു.